| Wednesday, 8th October 2014, 1:26 pm

നോക്കിയയ്ക്ക് പിന്നാലെ യാഹുവും ഇന്ത്യയിലെ പ്രവര്‍ത്തനം കുറയ്ക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബംഗളൂരു: നോക്കിയ ഇന്ത്യയിലെ പ്‌ളാന്റ് പൂട്ടുകയാണെന്നു പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ യാഹുവും രാജ്യത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്നു. കാലിഫോര്‍ണിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഒഴിച്ചാല്‍ യാഹുവിന്റെ എറ്റവും വലിയ സ്ഥാപനമാണ് ബംഗളുരുവിലേത്. ഇതിന്റെ പ്രവര്‍ത്തനം കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം.

വ്യാഴാഴ്ച കമ്പനി പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. യാഹുവിന്റെ പ്രധാന നിക്ഷേപകരായ സ്റ്റാര്‍ബോര്‍ഡ് വാല്യു എല്‍.പിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കമ്പനിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുമ്പ് മാരിസ മേയര്‍ യാഹുവിന്റെ സി.ഇ.ഒ സ്ഥാനം ഏറ്റെടുത്തത് മുതല്‍ സ്ഥിരമായ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.

യാഹുവിന് ബംഗളുരുവില്‍ 800 ഡെവലപ്പര്‍മാരാണുള്ളത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതില്‍ 300 പേരോട് പുറത്തുപോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരില്‍ കുറേപ്പേര്‍ക്ക് കാലിഫോര്‍ണിയയിലെ സണ്ണിവെയില്‍ ജോലി നല്‍കുമെന്നാണ് കമ്പനി പറയുന്നത്.

എന്നാല്‍ ഇത് ഇന്ത്യക്കാരെ വന്‍തോതില്‍ ബാധിക്കുമെന്നാണ് നിരീക്ഷണം. 2002ലാണ് യാഹു ഇന്ത്യയില്‍ എത്തിയത്. തുടര്‍ന്ന് ഗൂഗിളും എത്തി.

രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറികളില്‍ ഒന്നായ ശ്രീപെരുംപുതൂര്‍ പ്‌ളാന്റ് പൂട്ടുന്നതായി നോക്കിയ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് യാഹുവിന്റെയും നീക്കം. നവംബര്‍ ഒന്നിന് അടയ്ക്കുമെന്നാണ് നോക്കിയയുടെ അറിയിപ്പ്. ആറായിരം പേര്‍ വരെ ജോലി ചെയ്തിരുന്ന സ്ഥാപനമാണിത്. നോക്കിയയെ മൈക്രോ സോഫ്റ്റ് ഏറ്റെടുത്തപ്പോള്‍ ചെന്നൈ പ്‌ളാന്റ് മാത്രം ഒഴിവാക്കിയിരുന്നു.

ചെന്നൈ പ്‌ളാന്റിന് എതിരേ ആദായ നികുതി വകുപ്പ് നടപടി നടക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് മൈക്രോസോഫ്റ്റ് ഈ പ്‌ളാന്റ് ഒഴിവാക്കിയത്. മൈക്രോ സോഫ്റ്റിനു വേണ്ടി നോക്കിയ സ്വന്തം നിലയ്ക്ക് ഇവിടെ ഉത്പാദനം നടത്തി വരികയായിരുന്നു. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് പൂട്ടാന്‍ ഇപ്പോള്‍ തീരൂമാനിച്ചത്.

We use cookies to give you the best possible experience. Learn more