ഡാറ്റ നഷ്ടപ്പെട്ട ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനൊരുങ്ങി യാഹൂ. 2012-നും 2016-നും ഇടയില്‍ യാഹൂവില്‍ അക്കൗണ്ട് ഉണ്ടായിരുന്നവര്‍ക്കാണ് ഡാറ്റ ചോര്‍ന്ന കാരണത്തില്‍ നഷ്ടപരിഹാരം ലഭിക്കുക.
2013 ഓഗസ്റ്റിലാണ് യാഹൂവില്‍ നിന്നും വന്‍ ഡാറ്റ ചോര്‍ച്ച നടന്നത്. 300 കോടി ആളുകളുടെ ഡാറ്റകള്‍ ചോര്‍ന്നിരുന്നു. 2016-ല്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച വിവരങ്ങള്‍ യാഹൂ പുറത്തുവിട്ടിരുന്നു.
വ്യക്തിഗത വിവരങ്ങളായ ഇ-മെയില്‍, ടെലിഫോണ്‍ നമ്പര്‍, ജന്മദിനം, പാസ്വേഡ് തുടങ്ങിയവയിലൂടെയാണ് ഡാറ്റ ചോര്‍ച്ച നടന്നത്.
അടുത്ത വര്‍ഷം ജൂലൈ 20 ആണ് ഓണ്‍ലൈന്‍ ആയും പോസ്റ്റല്‍ ആയും നഷ്ടപരിഹാരത്തിനായി അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. കമ്പനി 117,500,000 ഡോളര്‍ നഷ്ടപരിഹാരത്തിനായി നീക്കിവെച്ചിട്ടുണ്ട്.
ഈയടുത്ത് ആയിരക്കണക്കിന് യാഹൂ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് അവരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്ന കേസില്‍ യാഹൂ മുന്‍ ജീവനക്കാരന്‍ കുറ്റക്കാരനാണെന്ന് അമേരിക്കന്‍ കോടതി വിധിച്ചിരുന്നു.
റെയിസ് ഡാനിയേല്‍ എന്ന 34-കാരന് മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് സന്‍ ജോസിലെ ഫെഡറല്‍ കോടതിയാണ് കണ്ടെത്തിയത്. യാഹൂവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന റെയിസ് ഏകദേശം 6000 യാഹൂ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്.