മൂന്ന് യുവാക്കള്‍ തുടങ്ങിയ ഇന്ത്യന്‍ സ്റ്റാര്‍ട്ട് ആപ്പിനെ യാഹു വാങ്ങി
Big Buy
മൂന്ന് യുവാക്കള്‍ തുടങ്ങിയ ഇന്ത്യന്‍ സ്റ്റാര്‍ട്ട് ആപ്പിനെ യാഹു വാങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd September 2014, 12:35 pm

 

yahoo[]ബംഗളുരു: ഫേസ്ബുക്കിനും ഗൂഗിളിനും പിന്നാലെ ഇന്ത്യന്‍ കമ്പനികള്‍ വാങ്ങാന്‍ അന്താരാഷ്ട്ര ടെക്‌നോളജി ഭീമന്‍ യാഹുവും രംഗത്തുവന്നിരിക്കുകയാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ബുക്ക്പാഡ് എന്ന ഒരു വര്‍ഷം മാത്രം പഴക്കമുള്ള സ്റ്റാര്‍ട്ട് ആപ്പിനെ ഏറ്റെടുക്കുന്നത്.

മൂന്ന് വര്‍ഷം മുമ്പ് ഗുവാഹത്തി ഐ.ഐ.ടിയില്‍ നിന്നും പുറത്തിറങ്ങിയ മൂന്ന് യുവാക്കളാണ് ബുക്ക്പാഡ് തുടങ്ങിയത്. എത്രരൂപയ്ക്കാണ് ബുക്ക്പാഡ് യാഹു ഏറ്റെടുത്തത് എന്നത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. 90 കോടി രൂപ നല്‍കിയാണ് ഏറ്റെടുക്കലെന്നാണ് സൂചന.

ബുക്ക്പാഡിന്റെ ഡോക്‌സ് പാഡ് എന്ന സോഫ്റ്റ്‌വെയറാണ് ഇവരെ യാഹൂവിന്റെ പ്രിയപ്പെട്ടവരാക്കിയത്. ഏത് പി.ഡി.എഫ്, പവര്‍പോയന്റ്, വേഡ് ഫയലുകളും ഒരു സൈറ്റിന് അകത്ത് വച്ച് ഏത് ഡിവൈസില്‍ വച്ചും എഡിറ്റ് ചെയ്യാന്‍ ഈ സോഫ്റ്റ്‌വെയര്‍ സഹായിക്കും. പ്ലഗ് ഇന്‍സോ, ഡെസ്‌ക്ടോപ്പ് സോഫ്റ്റ്‌വെയറോ ഡൗണ്‍ലോഡ് ചെയ്യേണ്ടതിന്റെ ആവശ്യകതയും ഇതിനില്ല.

നേരത്തെ ബാംഗ്ലൂരില്‍ നിന്നുള്ള ലിറ്റില്‍ ഐ എന്ന സ്ഥാപനത്തെ ഫേസ്ബുക്കും, ഇംപെര്‍മീയം എന്ന സ്ഥാപനത്തെ ഗൂഗിളും ഏറ്റെടുത്തിരുന്നു.