കൊച്ചി: മേയര്‍ ആര്യ രാജേന്ദ്രനെതിരായ കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി കോടതി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നായിരുന്നു യദുവിന്റെ ആവശ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
ഹരജി തള്ളിയ കോടതി, സ്വാധീനത്തിന് വഴങ്ങാതെ അന്വേഷണം വേണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. അന്വേഷണത്തിൽ കാലതാമസം ഉണ്ടാകാൻ പാടില്ലെന്നും ഉദ്യോഗസ്ഥർ നിർദേശങ്ങൾ പാലിക്കണമെന്നും കോടതി പറഞ്ഞു.
ആര്യ രാജേന്ദ്രനും എം.എൽ.എ സച്ചിൻ ദേവും അന്വേഷണത്തെ സ്വാധീനിക്കാൻ പാടില്ലെന്നും കോടതി അറിയിച്ചു.
മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാണ് യദു ആവശ്യപ്പെട്ടിരുന്നത്. മേയര്‍ക്കെതിരെ താന്‍ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നും യദു വാദം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ തനിക്കെതിരെ മേയര്‍ കൊടുത്ത പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുന്നുവെന്നുമാണ് യദു കോടതിയെ അറിയിച്ചത്.
2023 ഏപ്രിലില്‍ തിരുവനന്തപുരം പാളയത്ത് വെച്ച് മേയറും യദുവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. കാറിനെ ഇടിക്കും വിധം ബസ് ഓടിച്ചെന്നും തുടര്‍ന്ന് യദു അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു ആര്യ രാജേന്ദ്രന്റെ പരാതി.
പിന്നാലെ ബസ് തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഏപ്രില്‍ 27ന് യദു പൊലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചോടെ യദു കോടതിയെ സമീപിക്കുകയും തുടര്‍ന്ന് മേയര്‍ക്കും പങ്കാളി സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കുകയുമായിരുന്നു.
Content Highlight: Yadu’s petition against Mayor Arya Rajendra was rejected