| Tuesday, 29th December 2020, 3:47 pm

മോദിയുമായി ചര്‍ച്ച നടത്തി യാക്കോബായ-ഓര്‍ത്തഡോക്‌സ് പ്രതിനിധികള്‍; സ്വാഗതാര്‍ഹമെന്ന് പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കം പരിഹരിക്കുന്നതിനായി സഭാപ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

തുടര്‍ ചര്‍ച്ചകള്‍ക്കായി മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയേയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെയുമാണ് മോദി ചുമതലപ്പെടുത്തിയത്. ശ്രീധരന്‍ പിള്ളയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

കോടതി വിധിയിലെ നീതി നിഷേധം ചര്‍ച്ച ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി ചര്‍ച്ചയ്ക്ക് ശേഷം യാക്കോബായ പ്രതിനിധികള്‍ പ്രതികരിച്ചു. അതേസമയം സുപ്രീം കോടതി വിധിയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടില്‍ തന്നെ ഓര്‍ത്തഡോക്‌സ് സഭക്കാര്‍ ഉറച്ചു നിന്നു.

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ കേന്ദ്രതലത്തില്‍ ബി.ജെ.പി ഇടപെടുന്നത് കേരളത്തില്‍ ചര്‍ച്ചയായിരുന്നു. അതേസമയം വിഷയത്തില്‍ നരേന്ദ്ര മോദി ഇടപെടുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വലിയ ക്രമസമാധന പ്രശ്‌നമായി വരുന്ന കാര്യമാണ് സഭാ തര്‍ക്കം. അതില്‍ പ്രധാനമന്ത്രി ഇടപെടുന്നത് സ്വാഗതാര്‍ഹമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തൃശൂരില്‍ കേരളപര്യടനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭ തര്‍ക്കം നിയമ നിര്‍മ്മാണത്തിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗക്കാര്‍ അവകാശ സംരക്ഷണ യാത്ര നടത്തിയിരുന്നു. വിശ്വാസികള്‍ ഒപ്പുവെച്ച ഭീമഹരജി  ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിക്കുമെന്നും യാക്കോബായ സഭ വ്യക്തമാക്കിയിരുന്നു.പള്ളികളുടെ ഉടമസ്ഥതയും സ്വത്തും സംബന്ധിച്ചാണ് വര്‍ഷങ്ങളായി യക്കോബായ-ഓര്‍ത്തഡോക്‌സ് സഭക്കാര്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Yacobaya and orthodox representatives meet Narendra modi

We use cookies to give you the best possible experience. Learn more