| Wednesday, 26th May 2021, 7:44 am

യാസിനെ നേരിടാന്‍ ലക്ഷങ്ങളെ മാറ്റിപാര്‍പ്പിച്ച് ഒഡീഷ; ചുഴലിക്കാറ്റെത്തുന്നത് കൊവിഡ് റെഡ് അലര്‍ട്ട് ജില്ലകളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: യാസ് ചുഴലിക്കാറ്റിന്റെ അപകട സാധ്യത മുന്നില്‍ കണ്ട് ലക്ഷകണക്കിന് പേരെ ഒഡീഷയില്‍ മാറ്റിപാര്‍പ്പിച്ചു. രണ്ട് ലക്ഷത്തിലേറെ പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. 7 ലക്ഷത്തിലേറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സാധ്യതയുണ്ടെന്നും ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞെന്നും അധികൃതര്‍ അറിയിച്ചു.

7000ത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളാണ് ഒഡീഷയില്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ 860 ക്യാമ്പുകള്‍ സ്ഥിരമായിട്ടുള്ള ക്യാമ്പുകളാണ്. ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ 800 ഉദ്യോഗസ്ഥരെ ചുഴലിക്കാറ്റിന്റെ അപകട സാധ്യതയുള്ള മേഖലകളില്‍ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ച ഭദ്രക് ജില്ലയുടെ തീരങ്ങളില്‍ യാസ് എത്തുമെന്നുമാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. 9 ജില്ലകളിലാണ് ചുഴലിക്കാറ്റിന്റെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ജയ്പൂര്‍, ദെങ്കനാല്‍, കിയോഞ്ചര്‍, ഭദ്രക്, ജഗത് സിംഗ് പൂര്‍, കേന്ദ്രപാട, ബാലസോര്‍, മയൂര്‍ബഞ്ച്, കട്ടക് എന്നീ ജില്ലകളിലാണ് കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലകളാണ് ഇവയെല്ലാം എന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.

ഈ ഒമ്പത് ജില്ലകളിലടക്കമുള്ള എല്ലാ ക്യാമ്പുകളിലും അടിയന്തര കൊവിഡ് പരിശോധന സൗകര്യങ്ങളും മറ്റു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു. മെയ് 25, 26, 27 തിയതികളില്‍ പരിശോധനയും വാക്‌സിനേഷനും സര്‍വേയുമടക്കമുള്ള സാധാരണ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒഡീഷയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

രാജ്യത്ത് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവെക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ. എല്ലാ വര്‍ഷവും സംസ്ഥാനത്ത് ചെറുതും വലുതുമായ ചുഴലിക്കാറ്റ് ദുരന്തങ്ങളുണ്ടാവാറുണ്ട്. 1999ല്‍ 9885 പേര്‍ക്കായിരുന്നു ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായത്.

2013ല്‍ ഫൈലിനും 2018ല്‍ തിത്‌ലിയും ഒഡീഷ തീരങ്ങളില്‍ ആഞ്ഞുവീശി. മരണസംഖ്യ കുറവായിരുന്നെങ്കില്‍ ആയിര കണക്കിന് പേര്‍ക്ക് വീടും കൃഷിസ്ഥലങ്ങളും നഷ്ടമായി.

2019ല്‍ ഫാനി എന്ന അതിതീവ്ര ചുഴലിക്കാറ്റ് വീശിയെങ്കിലും കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതുകൊണ്ടു തന്നെ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. 64 പേരായിരുന്നു ഫാനിയില്‍ കൊല്ലപ്പെട്ടത്. 2020ല്‍ തന്നെ ഉംപുനും വന്നെങ്കിലും പശ്ചിമ ബംഗാളിലായിരുന്നു കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്.

യാസിനെയും കൊവിഡിനെയും ഒരുമിച്ച് പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ സംസ്ഥാനം ഒരുക്കിയിട്ടുണ്ടെന്നും ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡീഷ സജ്ജമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. അതേസമയം എല്ലാ ജീവനുകളും വിലപ്പെട്ടതാണെന്നും ഒരു മരണം പോലും സംഭവിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Yaas Cycline, 9 Odisha districts fall under Covid Red alert zones, Over 2 lakh moved out

We use cookies to give you the best possible experience. Learn more