തിയേറ്ററുകളില്‍ വര്‍ഷങ്ങള്‍ക്കു ശേഷം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പേള്‍ സിനിമ കണ്ടവരുടെയുള്ളില്‍ സ്ഥാനം നേടിയ കഥാപാത്രമാണ് സ്വാമീസ് ലോഡ്ജിന്റ ഉടമ സ്വാമിനാഥന്‍. തമിഴിലെ സീനിയര്‍ നടന്മാരിലൊരാളായ വൈ.ജി മഹേന്ദ്രയാണ് സ്വാമിനാഥന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളസിനിമയുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ടന്ന് മഹേന്ദ്ര പറഞ്ഞു.
ചിത്രത്തിന്റെ റിലീസിന് ശേഷം റെഡ്‌നൂളിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുമായി ഉണ്ടായ അനുഭവം താരം പങ്കുവെച്ചു. മൗനം സമ്മതം എന്ന സിനിമ മുതല്‍ക്കാണ് മമ്മൂട്ടിയുമായുള്ള സൗഹൃദം തുടങ്ങുന്നതെന്നും ഇന്നും അത് തുടര്‍ന്നുപോരുന്നുണ്ടന്നും മഹേന്ദ്ര പറഞ്ഞു. മൗനം സമ്മതത്തിന്റെ ഷൂട്ടിനിടയില്‍ മമ്മൂട്ടിയുമായുണ്ടായ അനുഭവം താരം പങ്കുവെച്ചു.
‘മലയാളത്തില്‍ ഇപ്പോഴുള്ള നടന്മാരുമായി അധികം പരിചയമില്ല. പക്ഷേ സീനിയര്‍ നടന്മാരുമായി നല്ല സൗഹൃദമുണ്ട്. മമ്മൂട്ടി എന്റെ ഏറ്റവുമടുത്ത സുഹൃത്താണ്. ഞാനും അദ്ദേഹവും പരിചയപ്പെടുന്നത് മൗനം സമ്മതമെന്ന സിനിമ മുതലാണ്. കെ. മധുവായിരുന്നു അതിന്റെ സംവിധായകന്‍. അതിന് ശേഷം ഈ സമയം വരെ ഞങ്ങള്‍ നല്ല സൗഹൃദത്തിലാണ്. ചില കാര്യങ്ങള്‍ മമ്മൂട്ടി തമാശയായി പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം ആദ്യം നമുക്ക് മനസിലാകില്ല.
അങ്ങനെയൊരു സംഭവം ആ സിനിമയുടെ സെറ്റില്‍ വെച്ച് ഉണ്ടായി. ഷൂട്ടിന്റെ ബ്രേക്കിനിടക്ക് മമ്മൂട്ടി എന്നോട് പറഞ്ഞു, ‘നിങ്ങളെയൊന്നും പറഞ്ഞിട്ട് കാര്യമില്ല, എല്ലാത്തിനും കാരണം ആ ശിവാജി ഗണേശനാണ്. അയാളെ പറഞ്ഞാല്‍ മതി’ എന്ന്. എനിക്ക് ഇത് കേട്ടതും ദേഷ്യം വന്നു. ആ സമയത്ത് എനിക്ക് അയാളെ തല്ലാന്‍ തോന്നി.
പിന്നീടാണ് അങ്ങനെ പറഞ്ഞതിന്റെ കാരണം പറഞ്ഞത്. ‘നിങ്ങളൊക്കെ ഷോട്ടിന് മുന്നേ ശിവാജിയെ മനസില്‍ വിചാരിച്ചിട്ടാണല്ലോ അഭിനയിക്കുന്നത്. അതിന്റെയൊക്കെ ഇന്‍ഫ്‌ളുവന്‍സ് എല്ലാവരുടെയും അഭിനയത്തില്‍ കാണാനും സാധിക്കും’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. അപ്പോഴാണ് എനിക്ക് സമാധാനമായത്. പിന്നെയും പല കാര്യങ്ങളും പുള്ളി പറയുന്നതിന്റെ യഥാര്‍ത്ഥ മീനിങ് എനിക്ക് മനസിലാകാതെ വരാറുണ്ട്,’ മഹേന്ദ്ര പറഞ്ഞു.
Content Highlight: Y G Mahendran shares the experience with Mammootty