തിയേറ്ററുകളില്‍ വര്‍ഷങ്ങള്‍ക്കു ശേഷം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പേള്‍ സിനിമ കണ്ടവരുടെയുള്ളില്‍ സ്ഥാനം നേടിയ കഥാപാത്രമാണ് സ്വാമീസ് ലോഡ്ജിന്റ ഉടമ സ്വാമിനാഥന്‍. തമിഴിലെ സീനിയര്‍ നടന്മാരിലൊരാളായ വൈ.ജി മഹേന്ദ്രയാണ് സ്വാമിനാഥന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളസിനിമയുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ടന്ന് മഹേന്ദ്ര പറഞ്ഞു.
മമ്മൂട്ടിയുമായി പണ്ടുമുതലേ നല്ല ബന്ധമുണ്ടെന്നും, മോഹന്‍ലാലിന്റെ പല സിനിമകളും കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ മഹേന്ദ്ര, മോഹന്‍ലാല്‍ ചിത്രം ഒരു യാത്രാമൊഴി കണ്ടപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെച്ചു. ശിവാജി ഗണേശനും മോഹന്‍ലാലും ഒന്നിച്ച ചിത്രം സാമ്പത്തികമായി വലിയ മെച്ചമുണ്ടാക്കിയില്ലെങ്കിലും മോഹന്‍ലാല്‍ തന്നെ അമ്പരപ്പിച്ചുവെന്ന് മഹേന്ദ്ര പറഞ്ഞു.
സിനിമ കണ്ട ശേഷം ശിവാജി ഗണേശനെ കാണാന്‍ പോയപ്പോള്‍ അദ്ദേഹത്തിനും മോഹന്‍ലാലിനെക്കുറിച്ച് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂവെന്നും മഹേന്ദ്ര കൂട്ടിച്ചേര്‍ത്തു. റെഡ്‌നൂളിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘മലയാളസിനിമയുമായി വര്‍ഷങ്ങളുടെ ബന്ധം എനിക്കുണ്ട്. ഇപ്പോഴുള്ള നടന്മാരുമായി വലിയ ബന്ധമില്ല. പക്ഷേ സീനിയര്‍ നടന്മാരുമായി ഇപ്പോഴും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നു. മമ്മൂട്ടി എന്റെ നല്ല സുഹൃത്താണ്. മോഹന്‍ലാല്‍
എന്റെ അകന്ന ബന്ധുവാണ്.
സുചിത്ര എന്റെ കസിനാണ്, അങ്ങനെയാണ് മോഹന്‍ലാലും ഞാനും തമ്മിലുള്ള ബന്ധം. മോഹന്‍ലാലും ശിവാജി ഗണേശനും അഭിനയിച്ച ഒരു യാത്രാമൊഴി എന്ന സിനിമ കണ്ടപ്പോള്‍ അതിലെ ലാലിന്റെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
അന്ന് ലാലുമായി അത്ര പരിചയത്തിലല്ല. സിനിമ ഇറങ്ങിയ ശേഷം ഞാന്‍ ശിവാജി സാറിന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ അഭിനന്ദിക്കാന്‍ വേണ്ടിയാണ് പോയത്. ഞാന്‍ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സിനെപ്പറ്റി സംസാരിച്ചത് 15 മിനിറ്റ് കൊണ്ടു തീര്‍ന്നു. പിന്നീട് അദ്ദേഹം അരമണിക്കൂറോളം മോഹന്‍ലാലിനെപ്പറ്റി സംസാരിച്ചു.
‘നിന്റെ ബന്ധുവാണല്ലോ ആ പയ്യന്‍, എന്തൊരു പെര്‍ഫോമന്‍സാണ്’ എന്ന് പറഞ്ഞ് ലാലിനെ പ്രശംസിച്ചുകൊണ്ടേയിരുന്നു. ആ സമയത്ത് ബാക്കി എല്ലാ ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സും ശിവാജി സാര്‍ അനലൈസ് ചെയ്തുകൊണ്ട് ഇരിക്കുമായിരുന്നു,’ മഹേന്ദ്ര പറഞ്ഞു.
Content Highlight: Y G Mahendra saying that Shivaji Ganeshan wndred by Mohanlal’s performance in Oru Yathramozhi movie