| Wednesday, 17th April 2024, 8:03 am

തുപ്പാക്കിയുടെ ലെവല്‍ ഉള്ള സിനിമയാകും ഗോട്ട്, എന്റെ ഒരു ഡയലോഗിന് തിയേറ്റര്‍ മൊത്തം കൈയടിയായിരിക്കും: വൈ.ജി. മഹേന്ദ്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വെങ്കട് പ്രഭുവും വിജയ്‌യും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്കും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. രണ്ട് ഗെറ്റപ്പില്‍ താരം പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ നല്‍കുന്ന സൂചന, ചിത്രം സയന്‍സ് ഫിക്ഷന്‍ ഴോണറില്‍ പെടുന്നതാണെന്നാണ്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം റിലീസാകുന്ന ആദ്യ വിജയ് ചിത്രം കൂടിയാണിത്. തമിഴിലെ സീനിയര്‍ നടന്മാരില്‍ ഒരാളായ വൈ.ജി മഹേന്ദ്രയും ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്യുന്നുണ്ട്.

വിനീത് ശ്രീനിവാസന്‍ സംവിധനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച വൈ.ജി.മഹേന്ദ്ര ഫിലിംബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഗോട്ടിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചു. ചിത്രത്തില്‍ ചെറിയൊരു വേഷമാണ് തനിക്കുള്ളതെന്നും പ്രധാനപ്പെട്ട കഥാപാത്രമാണെന്നും പറഞ്ഞു. തുപ്പാക്കി പോലെ ശക്തമായ സ്‌ക്രിപ്റ്റാണ് ഗോട്ടിനെന്നും താനും വിജയ്‌യും ഉള്ള സീനില്‍ തന്റെ ഡയലോഗിന് തിയേറ്റര്‍ മുഴുവന്‍ കൈയടിയായിരിക്കുമെനന്നും മഹേന്ദ്ര കൂട്ടിച്ചേര്‍ത്തു.

‘വെങ്കട്ട് പ്രഭുവും ഞാനും തമ്മിലുള്ള ബന്ധത്തിന്റെ പുറത്താണ് അയാള്‍ എന്നെ ഗോട്ടിലേക്ക് വിളിച്ചത്. ചെറിയൊരു വേഷമാണ് എനിക്ക് ഈ സിനിമയില്‍. ഞാന്‍ തന്നെ ചെയ്യണമെന്നാണ് വെങ്കട് പറഞ്ഞത്. ആ സിനിമയിലേക്ക് ഏറ്റവും അവസാനം കാസ്റ്റ് ചെയ്തത് എന്നെയാണ്. കഥ എന്താണെന്ന് എനിക്ക് വിശദമായി പറഞ്ഞു തന്നു. വിജയ് ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയാണിത്.

തുപ്പാക്കി പോലെ സ്‌ട്രോങ് ആയിട്ടുള്ള കഥയാണ് ഈ സിനിമക്ക്. വിജയ്‌യും ഞാനും തമ്മില്‍ ഒരൊറ്റ കോമ്പിനേഷന്‍ സീന്‍ മാത്രമേ ഉള്ളൂ. സി.ബി.ഐ പോലെ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് വിജയ്‌യുടേത്. മൊത്തം യങ് ആയിട്ടുള്ള ആളുകളുടെ ടീമാണത്. ആ ടീമില്‍ ഞാന്‍ ഉണ്ടായിട്ട് കാര്യമില്ലല്ലോ. ഞാന്‍ യങ്‌സ്റ്ററല്ലല്ലോ. വിജയ്‌യും ഞാനും തമ്മിലുള്ള സീനിലെ എന്റെ ഡയലോഗ് കട്ട് ചെയ്യാതെ തിയേറ്ററില്‍ വരികയാണെങ്കില്‍ മൊത്തം തിയേറ്റര്‍ കൈയടിയായിരിക്കും,’ മഹേന്ദ്ര പറഞ്ഞു.

Content Highlight: Y G Mahemdra about Greatest of All Time Movie

We use cookies to give you the best possible experience. Learn more