ന്യൂദല്‍ഹി: എന്‍.ഐ.എ മുന്നറിയിപ്പ് കണക്കിലെടുത്ത് കേരളത്തിലെ അഞ്ച് ആര്‍.എസ്.എസ് നേതാക്കള്‍ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയ ഘട്ടത്തില്‍ ആര്‍.എസ്.എസ് നേതാക്കളെ ലക്ഷ്യംവെച്ചുള്ള ഹിറ്റ്ലിസ്റ്റ് കണ്ടെടുത്തുവെന്ന് എന്‍.ഐ.എ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ അഞ്ച് നേതാക്കള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്‍.ഐ.എക്ക് പുറമെ ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി) കൈമാറിയ വിവരങ്ങളും സുരക്ഷക്ക് കാരണമായെന്നാണ് വാദം. അഞ്ച് നേതാക്കള്‍ക്കും 11 കേന്ദ്ര സേനാംഗങ്ങള്‍ക്ക് വീതവും സുരക്ഷയൊരുക്കും. ഇതില്‍ ആറ് പേര്‍ വ്യക്തിഗത സുരക്ഷക്കാണ്. എന്നാല്‍ നേതാക്കന്മാരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംരക്ഷണമൊരുക്കാന്‍ കേന്ദ്രസേന നേരത്തെ കൊച്ചിയിലെത്തിയിരുന്നു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് പൊലീസ് ആസ്ഥാനത്ത് ചേരും. ക്രമസമാധാന ചുമതലയുള്ള എസ്.പിമാര്‍ മുതല്‍ മുകളിലേക്കുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. പി.എഫ്.ഐ നിരോധനത്തിന് ശേഷമുള്ള സാഹചര്യം, ലഹരിക്കെതിരായ പ്രചാരണ പരിപാടികള്‍, ഓരോ ജില്ലയിലെയും ക്രമസമാധാന നില തുടങ്ങിയുളള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
മുഖ്യമന്ത്രിയുമായുള്ള യോഗത്തിന് മുമ്പ് ഡി.ജി.പി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ അവലോകനം ചെയ്തിരുന്നു.