| Saturday, 12th January 2019, 4:57 pm

എക്‌സ്‌യുവി 300 ബുക്കിങ്ങ് ആരംഭിച്ചു; വില എട്ടു ലക്ഷം മുതല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ നിന്നുള്ള പുത്തന്‍ അവതരണമായ “എക്‌സ്‌യുവി 300” കോംപാക്ട് എസ്.യു.വിക്കുള്ള ബുക്കിങ്ങുകള്‍ കമ്പനി ഔദ്യോഗികമായി തുടങ്ങി. എട്ടു മുതല്‍ 12 ലക്ഷം രൂപ വരെയാവും “എക്‌സ്‌യുവി300” വകഭേദങ്ങളുടെ വില.

അഞ്ചു സീറ്റുള്ള കോംപാക്ട് എസ്.യു.വി വിഭാഗത്തില്‍ ഏഴ് എയര്‍ബാഗുമായിട്ടാണ് “എക്‌സ്‌യുവി 300” എത്തുന്നത്. ഡ്യുവല്‍ സോണ്‍ ഫുള്ളി ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മുന്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയവ എക്‌സ്യുവിയുടെ പ്രത്യേകതകളാണ്.


മഹീന്ദ്രയുടെ ഉപസ്ഥാപനവും ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളുമായ സാങ്യങ്ങിന്റെ “ടിവൊലി” പ്ലാറ്റ്‌ഫോം ആധാരമാക്കിയാണ് “എക്‌സ്‌യുവി 300” സാക്ഷാത്കരിച്ചിരിക്കുന്നത്; ബോഡി ഘടകങ്ങളും രൂപകല്‍പ്പനയുമെല്ലാം “ടിവൊലി”യില്‍ നിന്നു കടമെടുത്തതാണ്.

അതേസമയം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി എസ്.യു.വിയുടെ സസ്‌പെന്‍ഷന്‍ മഹീന്ദ്ര പരിഷ്‌കരിച്ചിട്ടുണ്ട്. എം.പി.വിയായ “മരാസൊ”യില്‍ അരങ്ങേറിയ 1.5 ലിറ്റര്‍, നാലു സിലിണ്ടര്‍, ഡീസല്‍ എന്‍ജിനാവും “എക്‌സ്‌യുവി 300” എസ്യുവിക്കും കരുത്തേകുക.

കോംപാക്ട് എസ്.യു.വിയിലെത്തുമ്പോള്‍ ഈ ഡീസല്‍ എന്‍ജിന് 300 എന്‍.എം ടോര്‍ക്ക് സൃഷ്ടിക്കും. ഒപ്പമുള്ള 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാവട്ടെ 200 എന്‍.എം ടോര്‍ക്കും സൃഷ്ടിക്കാനാവും.


ഡ്രൈവറുടെ മുട്ട് സംരക്ഷിക്കാനുള്ള എയര്‍ബാഗ് സഹിതമെത്തുന്ന “എക്‌സ്‌യുവി 300” എസ്.യു.വിയില്‍ നാലു വീലിലും ഡിസ്‌ക് ബ്രേക്കും മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്.ഡബ്ല്യു ഫോര്‍, ഡബ്ല്യു സിക്‌സ്, ഡബ്ല്യു എയ്റ്റ് എന്നീ മൂന്നു വകഭേദങ്ങളിലാണ് “എക്‌സ്‌യുവി  300” വിപണിയിലെത്തുക.

കൂടാതെ അധിക സുരക്ഷാ ക്രമീകരണങ്ങളും സാങ്കേതിക വിദ്യകളുമായി ഡബ്ല്യു എയ്റ്റ് (ഒ) എന്ന ഓപ്ഷന്‍ പായ്ക്ക് വകഭേദവും മഹീന്ദ്ര അവതരിപ്പിക്കുന്നുണ്ട്. എയര്‍ ബാഗ്, ആന്റി ലോക്ക് ബ്രേക്ക് സംവിധാനം, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്ക്, ആറു സ്പീഡ് ട്രാന്‍സ്മിഷന്‍, എല്‍.ഇ.ഡി ടെയില്‍ ലാംപ്, പവര്‍ വിന്‍ഡോ തുടങ്ങിയവ എല്ലാ വകഭേദത്തിലും പ്രതീക്ഷിക്കാം.

We use cookies to give you the best possible experience. Learn more