| Friday, 18th January 2019, 12:16 am

'പബ്ജി'യെ 'തോൽപിക്കാൻ ഷവോമിയുടെ 'സർവൈവൽ ഗെയിം' വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌ജിങ്‌: പബ്ജി കോർപറേഷന്റെ ബാറ്റിൽ റൊയാൽ ഗെയിമായ “പബ് ജി”ക്ക് വെല്ലുവിളി ഉയർത്തികൊണ്ട് ഷവോമിയുടെ പുതിയ ഗെയിം വരുന്നു. “സർവൈവൽ ഗെയിം” എന്നാണു തങ്ങളുടെ പുതിയ മൊബൈൽ ഗെയിമിന് ഷവോമി പേരിട്ടിരിക്കുന്നത്. ഏറെ നാളുകളായി ഗെയിമിന്റെ മിനുക്കുപണികളിലായിരുന്നു ഷവോമി. ഇപ്പോൾ ഷവോമിയുടെ സ്വന്തം ആപ്പ് ഡൗൺലോഡിങ്ങ് പ്ലാറ്റ്ഫോമായ മി സ്റ്റോർ വഴിയാണ് ഈ ഗെയിം ഉപഭോക്താക്കൾക്ക് ഷവോമി ലഭ്യമായിരിക്കുന്നത്. “സൂപ്പർ എഡ് ഗായ്” എന്ന് പേരുള്ള ഡെവലപ്പർ ആണ് 185 എം.ബി. ഫയൽ സൈസുള്ള ഈ ഗെയിം മി സ്റ്റോറിൽ അപ്പ് ലോഡ് ചെയ്തിരിക്കുന്നത്.

Also Read സിനിമയെടുക്കാന്‍ പൈസയുണ്ട്, ഫെല്ലോഷിപ്പ് നല്‍കാന്‍ പൈസയില്ല: എം.ജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ രാപ്പകല്‍ സമരത്തില്‍

പബ്ജി, ഫോർട്ട്നൈറ്റ് പോലുള്ള മറ്റ് ബാറ്റിൽ റൊയാൽ ഗെയിമുകളെ ഓർമിപ്പിക്കുന്ന രീതിയിലാണ് ഷവോമി “സർവൈവൽ ഗെയിമും” പ്രോഗ്രാം ചെയ്തിരിക്കുന്നത്. പബ്ജിയിൽ പ്ലെയിനിൽ നിന്നും ചാടിയാണ് ഗെയിമിലേക്ക് കടക്കുന്നതെങ്കിൽ സർവൈവൽ ഗെയിമിൽ സ്പേസ് ഷിപ്പിൽ നിന്നുമാണ് ചാടേണ്ടി വരുന്നത്. ഈ ഗെയിമിലും അവസാനം “സർവൈവ്” ചെയ്യുന്ന കളിക്കാരനാണ് വിജയി ആകുക. പടക്കോപ്പുകളും അത്യാവശ്യ വസ്തുക്കളും ഗെയിമിന്റെ പല ഘട്ടങ്ങളിലും വെച്ച് കളിക്കാർ ശേഖരിക്കണം. ഇങ്ങനെ ശേഖരിച്ച വസ്തുക്കളാണ് തോൽക്കാതെ പിടിച്ചു നിൽക്കാൻ കളിക്കാരനെ സഹായിക്കുക.

പബ്ജിയിൽ നിന്നും വ്യത്യസ്തമായി ജെറ്റ്പ്പാക്കുകളും, കളിക്കാരനെ പറക്കാൻ സഹായിക്കുന്ന മറ്റ് ഉപകരണങ്ങളും സർവൈവൽ ഗെയിമിലുണ്ട്. ഇതുവഴി കളിക്കാർക്ക് കൂടുതൽ രസകരമായ അനുഭവമാകും ഈ ഗെയിം സമ്മാനിക്കുക എന്ന് ഷവോമി അവകാശപ്പെടുന്നു. മാത്രമല്ല കളിയിൽ പല വേഷത്തിലും, പല കാരക്ടറായും കളിക്കാരന് പ്രത്യക്ഷപ്പെടാൻ സാധിക്കും. ഇതുവഴി പൂർണ്ണമായും കളിയിൽ മുഴുകാൻ കളിക്കാരന് സാധിക്കുമെന്ന് ഷവോമി അഭിപ്രായപ്പെടുന്നു.

Also Read “കെ. എം. ഷാജിയുടെ കാര്യത്തിലെടുത്ത നിലപാട് കാരാട്ട് റസാക്കിന്റെ കാര്യത്തിലും”: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ – വീഡിയോ

ഇന്ത്യൻ ഉപഭോക്താക്കളെ ഉന്നം വെച്ചാണ് ഈ ഗെയിം തങ്ങൾ നിർമ്മിക്കുന്നതെന്നും ഷവോമി പറയുന്നു. “മത്സരാവേശത്തോടെയുള്ള ഗെയിമുകളോട് ഇന്ത്യക്കാർക്കുള്ള താൽപര്യം തങ്ങൾ ഉപയോഗപ്പെടുത്തുകയാണ്.ഞങ്ങൾ പോക്കോ എഫ് 1ൽ ഈ ഗെയിം ടെസ്റ്റ് ചെയ്തിരുന്നു. ഗെയിമിൽ ഇനിയും കുറച്ച് മിനുക്കുപണികൾ നടത്താനുണ്ട്. പബ്‌ജി, ഫോർട്ട്നൈറ്റ് പോലുള്ള ഭീമന്മാരെ തോൽപ്പിക്കണമെങ്കിൽ അത് അത്യാവശ്യമാണ്.” ഷവോമി പറയുന്നു.

We use cookies to give you the best possible experience. Learn more