ഷവോമി ഇനി മുതല്‍ മൊബൈല്‍ ഷോപ്പുകളിലും: റെഡ്മി 3എസ് പ്ലസ് വരുന്നത് 9499 രൂപയ്ക്ക്
Big Buy
ഷവോമി ഇനി മുതല്‍ മൊബൈല്‍ ഷോപ്പുകളിലും: റെഡ്മി 3എസ് പ്ലസ് വരുന്നത് 9499 രൂപയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd October 2016, 1:42 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഏറെ മാര്‍ക്കറ്റുള്ള ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷവോമിയുടെ ഫോണുകള്‍ ഇനി മൊബൈല്‍ ഷോപ്പിലും ലഭിക്കും. ഇതുവരെ ഓണ്‍ലൈന്‍ വഴി മാത്രമായിരുന്നു ഷവോമി ഫോണുകള്‍ വിറ്റിയിരുന്നത്. കഴിഞ്ഞദിവസം മുതലാണ് ഓഫ്‌ലൈനില്‍ വില്‍പന ആരംഭിച്ചത്.

ഷവോമി തിങ്കളാഴ്ച പുറത്തിറക്കിയ “റെഡ്മി 3എസ് പ്ലസ്” ആണ് ഓണ്‍ലൈനിലും ലഭ്യമാക്കുന്നത്. “എം.ഐ ഇന്ത്യയ്ക്ക് ശക്തമായ ഒരു ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന് ചരിത്രപരമായ തുടക്കം കുറിക്കുന്നത് റെഡ്മി 3എസ് പ്ലസ് ആണ്. ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യമെമ്പാടുമുള്ള 7,500 ഷോപ്പുകളില്‍ ഇതു ലഭ്യമാകും.” ഷവോമി ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

പൂര്‍വ്വിക, സംഗീത, ബിഗ്‌സി , ലോട്ട് മൊബൈല്‍ എന്നീ വന്‍കിട റീട്ടെയ്‌ലര്‍മാരുടെ വിതരണക്കാരായ റെഡിങ്‌ടൊണ്‍, ഇന്നോകോം, ജസ്റ്റ് ബൈ ലൈവ് വഴിയും ഈ ഫോണ്‍ ലഭ്യമാകും.

9499 രൂപയാണ് റെയ്ഡ്മി 3എസ് പ്ലസിന്റെ വില. റെഡ്മി ശ്രേണിയിലെ ഏറ്റവും പുതിയ ഫോണാണിത്. 4ജിയിലാണ് ഈ മോഡല്‍ വരുന്നത്.

2014ല്‍ ഇ കൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്പ് കാര്‍ട്ടുമായുള്ള പാട്‌നര്‍ഷിപ്പിലാണ് ഷവോമി ഇന്ത്യന്‍മാര്‍ക്കറ്റിലെത്തിയത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ സ്‌നാപ്ഡീല്‍, ആമസോണ്‍ തുടങ്ങിയ ഇ-കൊമേഴ്‌സ് സൈറ്റുകള്‍ വഴിയും വില്പന തുടങ്ങി.