ബെയ്ജിംഗ്: സ്മാര്‍ട്ട് ഫോണ്‍ വില്‍പനയില്‍ ആപ്പിളിനെ മറികടന്ന് ഷവോമി. വില്‍പനയില്‍ 83 ശതമാനം വര്‍ധനവുണ്ടാക്കിക്കൊണ്ടാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ രണ്ടാം സ്ഥാനത്തേക്ക് ഷവോമി കുതിച്ചത്.
ആപ്പിളും സാംസങ്ങുമായിരുന്നു ഇതുവരെയും ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍ തുടര്‍ന്നിരുന്നത്. സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ നടന്ന സ്മാര്‍ട്ട് ഫോണ്‍ വില്‍പനയില്‍ 19 ശതമാനമാണ് സാംസങ് നടത്തിയത്. ഷവോമി 17 ശതമാനവും ആപ്പിള്‍ 14 ശതമാനവുമാണ് വില്‍പന നടത്തിയത്.
ചൈനീസ് നിര്‍മ്മാണ കമ്പനിയായ ഷവോമിയുടെ നേട്ടം ചൈനീസ് വിപണിക്ക് വലിയ കുതിച്ചുചാട്ടമാണ് നല്‍കിയിരിക്കുന്നത്.
മറ്റു ഭൂഖണ്ഡങ്ങളിലേക്ക് വില്‍പന വ്യാപിപ്പിച്ചതാണ് ഷവോമിക്ക് വലിയ നേട്ടമായത്. ലാറ്റിന്‍ അമേരിക്കയിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ 300 ശതമാനത്തിന്റെയും ആഫ്രിക്കയില്‍ 150 ശതമാനത്തിന്റെയും യൂറോപ്പില്‍ 50 ശതമാനത്തിന്റെയും വര്‍ധനവാണ് ഷവോമിക്ക് കഴിഞ്ഞ വര്‍ഷത്തില്‍ നേടാനായത്.
ഷവോമിയുടെ ആവറേജ് സെല്ലിംഗ് പ്രൈസ് സാംസങിനേക്കാളും ആപ്പിളിനേക്കാളും 40 മുതല്‍ 70 ശതമാനം വരെ കുറഞ്ഞ നിരക്കിലാണെന്നും അതുകൊണ്ടു തന്നെ ഇനിയുള്ള പാദങ്ങളില്‍ ഉയര്‍ന്ന നിരക്കിലുള്ള ഫോണുകളുടെ വില്‍പന വര്‍ധിപ്പിക്കുന്നതിലാകും കമ്പനി ശ്രദ്ധിക്കുകയെന്നുമാണ് വാണിജ്യ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
കനാലിസ് റിസര്‍ച്ച് ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സ്മാര്‍ട്ട് ഫോണ്‍ വില്‍പനയില്‍ ഷവോമിയുണ്ടാക്കിയ നേട്ടത്തെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Xiaomi is world’s No. 2, beats Apple