സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കച്ച കെട്ടിയിറങ്ങി ഷവോമി. ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട്ട് ഫോണ്‍ വില്‍ക്കുന്ന ചൈനീസ് കമ്പനിയായ ഷവോമി മൂന്നു ഫോണ്‍ നിര്‍മാണ പ്ലാന്റുകള്‍ കൂടി തുടങ്ങുമെന്ന് അറിയിച്ചു.
ഏറ്റവുമധികം വളര്‍ച്ച കാണിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയില്‍ ഷവോമി ആധിപത്യം സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
രാജ്യത്തു വില്‍ക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ 27 ശതമാനവും ഷവോമിയുടേതാണ്. രണ്ടാം സ്ഥാനത്തുള്ള സാംസംഗ് ഏകദേശം 25 ശതമാനം ഫോണുകള്‍ വില്‍ക്കുന്നു.
ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ മാര്‍ക്കറ്റാണ് ഇന്ത്യ. ഒന്നാം സ്ഥാനം ചൈനയ്ക്കാണ്.
പുതിയ മൂന്നു പ്ലാന്റുകള്‍ കൂടെ വരുന്നതോടെ ഷവോമിയ്ക്ക് ഇന്ത്യയില്‍ മൊത്തം ആറു സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ പ്ലാന്റുകള്‍ സ്വന്തമാകും. കമ്പനി ആദ്യമായി ഇന്ത്യയില്‍ നടത്തിയ സപ്ലയര്‍ ഇന്‍വെസ്റ്റ്മെന്റ് സമ്മിറ്റിലാണ് പുതിയ പ്ലാന്റുകള്‍ തുടങ്ങുന്ന കാര്യം അറിയിച്ചത്. കമ്പനിയുടെ ആദ്യ സ്മാര്‍ട് ഫോണ്‍ പ്ലാന്റ് ഇന്ത്യയില്‍ തുടങ്ങിയത് 2015ല്‍ ആണ്.
ആപ്പിളിന്റെ ഐഫോണ്‍ നിര്‍മാണ പങ്കാളിയായ ഫോക്സ്‌കോണിന്റെ സഹായത്തോടെയാണ് ആദ്യ പ്ലാന്റ് തുടങ്ങിയത്. പുതിയ പ്ലാന്റുകളും ഫോക്സ്‌കോണിന്റെ സഹകരണത്തോടെയാണ് നിര്‍മിക്കുന്നത്.
പുതിയ പ്ലാന്റുകളുടെ പണി തീരുന്നതോടെ ഒരു സെക്കന്‍ഡില്‍ രണ്ടു ഫോണ്‍ എന്ന തോതില്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണം നടത്താന്‍ തങ്ങള്‍ക്കാകുമെന്ന് കമ്പനി പറയുന്നു.
Watch This Video: