| Sunday, 17th June 2018, 6:11 pm

റെഡ്മി 6ന്റെ വരവ് പ്രഖ്യാപിച്ച് ഷവോമി; ഫോണിന്റെ പ്രത്യേകതകളറിയാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്ങ്: ചൈനീസ് മൊബൈല്‍ നിര്‍മ്മാതക്കളായ ഷവോമി തങ്ങളുടെ റെഡ്മി സിരീസിലെ പുതിയ ഫോണായ റെഡ്മി 6 ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. ഉപഭോക്താക്കള്‍ക്കിടയില്‍ വമ്പന്‍ ഹിറ്റായ റെഡ്മി 5, റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ എന്നീ ഫോണുകള്‍ക്ക് ശേഷമാണ് റെഡ്മി 6 പുറത്തിറങ്ങുന്നത്.

ചൈനയില്‍ 2 ദിവസം മുമ്പ് ലഭ്യമായി തുടങ്ങിയ ഫോണിന് 799 ചൈനീസ് യുവാനാണ് വില. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 9000 രൂപയോളം വരുമിത്. 4 ജി.ബി റാമുള്ള മോഡലിന് 999 ചൈനീസ് യുവാന്‍ വിലയുണ്ട് ഏകദേശം 11000 ഇന്ത്യന്‍ രൂപ.

5.45 ഇഞ്ചാണ് ആന്‍ഡ്രോയിഡ് ഓറിയോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം. 3000 മില്ലി ആമ്പിയറാണ് ഫോണിന്റെ ബാറ്ററിയുടെ ശേഷി.

2 ഗിഗാ ഹേര്‍ട്ട്‌സ് ശേഷിയും നാല് കോറുകളുമുള്ള മീഡിയാ ടെക്ക് പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്‍ മോഡലുകളില്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍ ഉപയോഗിച്ച ഷവോമി വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാവും താരതമ്യേനെ പ്രവര്‍ത്തന മികവ് കുറഞ്ഞ മീഡിയാടെക്ക് പ്രോസസര്‍ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് ബാറ്ററി ശേഷിയെ ബാധിക്കാന്‍ സാധ്യതയുണ്ട്. വേഗതയും സ്‌നാപ്ഡ്രാഗണ്‍ പ്രോസസറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മീഡിയാടെക്ക് പ്രോസസറുകള്‍ക്ക് കുറവാണ്.

ഇരട്ട ക്യാമറാ സംവിധാനമാണ് റെഡ്മി 6ല്‍ഉള്ളത്. 12 മെഗാ പിക്‌സലിന്റെ ഒരു ലെന്‍സും ബൊക്കെ ഷോട്ടുകള്‍ പകര്‍ത്താനായി 5 മെഗാ പിക്‌സലിന്റെ ഒരു ലെന്‍സുമാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. സെല്‍ഫികള്‍ പകര്‍ത്താനായി 5 മെഗാ പിക്‌സലിന്റെ മുന്‍ ക്യാമറയുമുണ്ട്.

റെഡ്മി 6 എയില്‍ 13 മെഗാപിക്‌സലിന്റെ ഒരു പിന്‍ ക്യാമറ മാത്രമാണുള്ളത് റാം 2 ജി.ബിയും.

We use cookies to give you the best possible experience. Learn more