'രണ്ട് വര്‍ഷത്തിന് ശേഷം ചൈനക്ക് പുറത്തേക്ക് ഷി ചിന്‍പിങ്'; വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച
World News
'രണ്ട് വര്‍ഷത്തിന് ശേഷം ചൈനക്ക് പുറത്തേക്ക് ഷി ചിന്‍പിങ്'; വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th September 2022, 10:36 pm

ബീജിങ്: രണ്ട് വര്‍ഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം ആദ്യമായി ചൈനക്ക് പുറത്തേക്ക് യാത്ര ചെയ്യാനൊരുങ്ങി പ്രസിഡന്റ് ഷി ചിന്‍പിങ്.

ഈയാഴ്ച നടത്താനിരിക്കുന്ന സെന്‍ട്രല്‍ ഏഷ്യന്‍ ട്രിപ്പിലൂടെയാണ് കൊവിഡ് സമയത്തെ രണ്ട് വര്‍ഷ ഇടവേളക്ക് ഷി വിരാമമിടുന്നത്.

ഈയാഴ്ചത്തെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഷി ചിന്‍പിങ് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ചൈനീസ് പ്രസിഡന്റിന്റെ ആദ്യ വിദേശ യാത്രയായിരിക്കും ഇത്.

ഉക്രൈനുമായി ബന്ധപ്പെട്ട് പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള റഷ്യയുടെ ഏറ്റുമുട്ടലും മറ്റ് പ്രതിസന്ധികളും തായ്‌വാന്‍ വിഷയവുമെല്ലാം ചര്‍ച്ചയായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഷി ചിന്‍പിങ്ങിന്റെ സന്ദര്‍ശനം രാഷ്ട്രീയപരമായും വലിയ പ്രാധാന്യമേറിയതാണ്.

ബുധനാഴ്ച ഷി ചിന്‍പിങ് കസാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ഉസ്‌ബെക്കിസ്ഥാനിലെ പുരാതന സില്‍ക്ക് റോഡ് നഗരമായ സമര്‍കണ്ടില്‍ (Samarkand) വെച്ച് നടക്കുന്ന ഷാങ്ഹായ് കോപറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിയില്‍ വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് കസാക്കിസ്ഥാനും റഷ്യന്‍ വക്താക്കളും അറിയിച്ചു.

അതേസമയം പ്രസിഡന്റിന്റെ മധ്യേഷ്യന്‍ യാത്രയുടെ വിശദാംശങ്ങള്‍ ചൈനീസ് അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ ഷാങ്ഹായ് കോപറേഷന്‍ ഉച്ചകോടിയില്‍ വെച്ച് പുടിന്‍ ഷിയെ കാണുമെന്ന് പ്രതീക്ഷിക്കുന്നതായി പുടിന്റെ വിദേശനയ വക്താവ് യൂറി ഉഷാക്കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഷിയുടെ പുടിനുമായുള്ള കൂടിക്കാഴ്ചയുടെയും ചര്‍ച്ചയുടെ സാരാംശത്തെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ റഷ്യന്‍ വക്താവ് തയ്യാറായില്ല.

അതേസമയം, ഷാങ്ഹായ് കോപറേഷന്‍ ഉച്ചകോടിയിലൂടെയും പരസ്പര കൂടിക്കാഴ്ചയിലൂടെയും ഏഷ്യയോടുള്ള റഷ്യന്‍ ചായ്‌വ് പ്രകടമാക്കാന്‍ പുടിനും തന്റെ സ്വാധീനം ഊട്ടിയുറപ്പിക്കാന്‍ ഷി ചിന്‍പിങ്ങിനും സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.

ഉക്രൈനിലെ പ്രതിസന്ധിയുടെ പേരില്‍ റഷ്യയെ മാത്രം കുറ്റപ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമത്തെ റഷ്യയുടെയും ചൈനയുടെയും നേതാക്കള്‍ ഒരുപോലെ എതിര്‍ക്കുമെന്നും അമേരിക്കയോടുള്ള തങ്ങളുടെ എതിര്‍പ്പ് പ്രകടമാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

2022ന്റെ ആദ്യ ഏഴ് മാസങ്ങളില്‍ റഷ്യയും ചൈനയും തമ്മിലുള്ള വ്യാപാരം ഏകദേശം മൂന്നിലൊന്ന് മടങ്ങായി വര്‍ധിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

Content Highlight: Xi Jinping to leave China for the first time in two years, will meet Vladimir Putin