| Saturday, 23rd September 2023, 9:15 am

സിറിയയുമായി 'തന്ത്രപരമായ പങ്കാളിത്തം' പ്രഖ്യാപിച്ച് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: ചൈനയും സിറിയയും തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദും വെള്ളിയാഴ്ച ധാരണയിലെത്തിയതായി ചൈനീസ് സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 2004ന് ശേഷമുള്ള തന്റെ ആദ്യ ചൈന സന്ദര്‍ശനത്തിന്റെ ഭാഗമായി അസദ് പങ്കെടുക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെ മുന്നോടിയായിരുന്നു നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഉഭയകക്ഷി ബന്ധത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറുമെന്ന് ഷി ജിന്‍ പിങ് പറഞ്ഞു. വിദേശ ഇടപെടലുകളെയും ഏകപക്ഷീയമായ ഭീഷണിയെ എതിര്‍ക്കുന്നതിലും ദേശീയ സ്വാതന്ത്ര്യം, പരമാധികാരം, പ്രദേശിക അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതിലും ചൈന സിറിയയെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അസദിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കാലങ്ങളായി അമേരിക്കയുടെ നേതൃത്വത്തില്‍ ഒറ്റപ്പെട്ട ഭരണത്തിന് ശേഷം അന്താരാഷ്ട്ര തലത്തിലേക്ക് തിരിച്ചുവരാനുള്ള സുപ്രധാന ചുവടുവെപ്പാണ് അസദിന്റെ സന്ദര്‍ശനമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

പശ്ചിമേഷ്യയില്‍ നയതന്ത്ര സ്വാധീനം ശക്തമാക്കുകയാണ് ചൈന. ഇറാന്‍-സൗദി ബന്ധം പുനസ്ഥാപിക്കാന്‍ അവര്‍ നടത്തിയ ഫലപ്രദമായ ഇടപെടല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെനസ്വേലന്‍ പ്രസിഡന്റ് നികോളസ് മദുറോ, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി എന്നിവര്‍ ഈ വര്‍ഷം ചൈന സന്ദര്‍ശിക്കുന്നുണ്ട്.

Content Highlights: Xi Announces China-Syria Strategic Partnership

We use cookies to give you the best possible experience. Learn more