മലപ്പുറം: മലപ്പുറം ജില്ലയെ കുറിച്ച് ഭീതിപരത്തുന്ന പ്രസ്താവനയുമായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ഹര്‍ത്താലിന്റെ മറവില്‍ മലപ്പുറത്ത് നടന്നത് വര്‍ഗീയ കലാപമാണെന്നും മലപ്പുറത്ത് സ്ഥിരം പട്ടാള ക്യാമ്പ് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
ഹര്‍ത്താലിന് മുമ്പ് മുഖ്യമന്ത്രിയുടെ പ്രതിനിധിയായി മന്ത്രി കെ.ടി ജലീല്‍, അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിച്ചതും ആക്രമണത്തെ ലഘൂകരിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹം ശ്രമിച്ചതും ഗൂഢാലോചനയുടെ ഭാഗമാണോയെന്നും അന്വേഷിക്കണമെന്ന് കൃഷ്ണദാസ് പറഞ്ഞു.
ആക്രമണങ്ങള്‍ക്ക് പിന്നിലെ അന്തര്‍ദേശീയ ഗൂഢാലോചനയും ദേശീയ-സംസ്ഥാനതലത്തില്‍ നടന്ന ആസൂത്രണവും എന്‍.ഐ.എ അന്വേഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
പിണറായി സര്‍ക്കാറിന്റെ ഭരണത്തിന് കീഴില്‍ ഹിന്ദു സമൂഹം അരക്ഷിതരാണ്. ആക്രമണം തടയുന്നതിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയത്വം തുടരുന്നു. തിരൂര്‍, താനൂര്‍ മേഖലകളില്‍ ഹിന്ദുക്കളുടെ കടകള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും കൊള്ളയടിക്കുകയുമായിരുന്നു. ഇതില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തതിനെക്കുറിച്ച് കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, സി.പി.ഐ.എം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.