| Tuesday, 24th December 2024, 7:43 pm

മത വിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാൻ ക്ഷുദ്രവർഗീയ ശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നു: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് തത്തമംഗലത്ത് സ്കൂളിൽ സ്ഥാപിച്ച പുൽക്കൂട് തകർക്കപ്പെട്ടത്തിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മത വിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാൻ ക്ഷുദ്രവർഗീയ ശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

എല്ലാ ആഘോഷങ്ങളും സ്നേഹത്തിൻ്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മൾ കാണാറുള്ളതെന്നും എല്ലാ മതവിഭാഗത്തിൻ്റെ ആഘോഷങ്ങളിലും മറ്റുള്ളവർ ഒത്തുചേരാറുണ്ടെന്നും ഇത് കേരളത്തിൻ്റെ പാരമ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങൾ തൻ്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്. മതങ്ങളെ മനുഷ്യത്വത്തിൻ്റേയും സാഹോദര്യത്തിൻ്റേയും മനോഹരാവിഷ്കാരങ്ങളായി നിലനിർത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്ത്.
അതിനെ ദുർബലപ്പെടുത്താനും മതവിശ്വാസത്തെ അപരവിദ്വേഷത്തിൻ്റെ ഹേതുവായി മാറ്റാനും ചില ക്ഷുദ്ര വർഗീയശക്തികൾ ഇന്ന് കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ചില ആക്രമണങ്ങൾ ആ യാഥാർത്ഥ്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. കേരളത്തിനും മലയാളികൾക്കും അപമാനമായി മാറുന്ന ഈ സംസ്കാരശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കാൻ നമുക്ക് സാധിക്കണം.

അവരെ ചെറുക്കാനും ഈ നാടിൻ്റെ യഥാർത്ഥ സത്തയെ സംരക്ഷിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട്, യേശു ക്രിസ്തുവിൻ്റെ ജന്മദിനം മാനവികതയുടേയും സ്നേഹത്തിൻ്റേയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെ,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പാലക്കാട് തത്തമംഗലത്ത് സ്കൂളിൽ സ്ഥാപിച്ച പുൽക്കൂട് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ നിർമിച്ച പുൽക്കൂട് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പാലക്കാട് നല്ലേപ്പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങൾ വി.എച്ച് .പി തടയുകയും അത് വലിയ പ്രതിഷേധത്തിലേക്ക് വഴി തിരിയുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്.

Content Highlight: Xenophobic forces are trying to turn religious belief into an excuse for xenophobia: Chief Minister

We use cookies to give you the best possible experience. Learn more