ജര്‍മനിയിലെ വെടിവെപ്പ്; ആക്രമണം നടന്നത് കുര്‍ദ് ഭൂരിപക്ഷ മേഖലയില്‍, അക്രമിയെന്ന് സംശയിക്കപ്പെടുന്നയാളും അമ്മയും വീടിനുള്ളില്‍ മരിച്ച നിലയില്‍
World News
ജര്‍മനിയിലെ വെടിവെപ്പ്; ആക്രമണം നടന്നത് കുര്‍ദ് ഭൂരിപക്ഷ മേഖലയില്‍, അക്രമിയെന്ന് സംശയിക്കപ്പെടുന്നയാളും അമ്മയും വീടിനുള്ളില്‍ മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th February 2020, 5:17 pm

ബെര്‍ലിന്‍:ജര്‍മനിയില്‍ ഒമ്പതു പേരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കപ്പെടുന്നയാളും വീടിനുള്ളില്‍ മരിച്ച നിലയില്‍. 43 കാരനായ ജര്‍മന്‍ പൗരന്റെയും ഇദ്ദേഹത്തിന്റെ അമ്മയുടെയും മൃതദേഹമാണ് അവരുടെ വീടിനുള്ളില്‍ വെച്ച് കണ്ടെത്തിയത്.

ആക്രമിയുടെ തീവ്രവലതു പക്ഷ ചിന്തകളാണ് വെടിവെപ്പിലേക്ക് നയിച്ചത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
ആക്രമിയുടെ ലക്ഷ്യം വ്യക്തമാക്കുന്ന ഒരു കത്തും വീഡിയോയും ലഭിച്ചതായി ജര്‍മനിയിലെ ഡി.ഡബ്ല്യു ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദേശികളോടുള്ള വിദ്വേഷമാണ് ഇയാളെ ആക്രമത്തിനു പ്രേരിപ്പിച്ചതെന്നാണ് ജര്‍മന്‍ ആഭ്യന്തര സഹമന്ത്രിയും മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. കുര്‍ദു വംശജര്‍ ഭൂരിപക്ഷമുള്ള മേഖലയിലാണ് വെടിവെപ്പു നടന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിദേശീയരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരില്‍ തുര്‍ക്കിയില്‍ വേരുകളുള്ളവരുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് പ്രതിനിധി ഇബ്രാഹിം കാലിന്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കൃത്യമായ അനേഷണം ജര്‍മ്മനി നടത്തുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഇബ്രാഹിം കാലിന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.  കൊല്ലപ്പെട്ടവരുടെ പേരു വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചു കൊണ്ട് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് ഡേവിഡ് സസോലി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

ബുധനാഴ്ച അര്‍ദ്ധരാത്രിയില്‍ ജര്‍മനിയിലെ രണ്ട് പ്രദേശങ്ങളിലായാണ് വെടിവെപ്പു നടന്നത്. ഫ്രാങ്ക്ഫുര്‍ട്ടിനടുത്തുള്ള ഹനാവു നഗരത്തിലെ രണ്ട് സ്ഥലങ്ങളിലായാണ് വെടിവെപ്പ് നടന്നത്.

ബുധനാഴ്ച രാത്രി 10.30ഓടെ ആദ്യ വെടിവെപ്പ് നടന്ന് പിന്നീട് പുലര്‍ച്ചെ ഹനാവുവിവെ മറ്റൊരു ഭാഗത്തും സമാനമായ രീതിയില്‍ വെടിവെപ്പ് നടന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജര്‍മനിയിലെ പ്രധാന ഒത്തുകൂടല്‍ കേന്ദ്രങ്ങളാണ് ഹുക്കാ ബാറുകള്‍. സായാഹ്നങ്ങളും രാത്രികളും ചിലവഴിക്കാന്‍ നിരവധി പേരാണ് ഇത്തരം ബാറുകളില്‍ ദിവസവും എത്തിച്ചേരാറുള്ളത്. ഇത്തരം ബാറുകളെ ലക്ഷ്യമാക്കി നടന്ന ആക്രമണത്തെ തുടര്‍ന്ന് ഹനാവു നഗരത്തിലാകെ കനത്ത സുരക്ഷയാണ് അധികൃതര്‍ ഒരുക്കിയിട്ടുള്ളത്.