ക്രിക്കറ്റ് ലോകത്തിന് മുമ്പില്‍ ഓസ്‌ട്രേലിയ അവതരിപ്പിച്ച ഏറ്റവും പുതിയ ആയുധങ്ങളില്‍ പ്രധാനിയാണ് സേവ്യര്‍ കോളിന്‍ ബാര്‍ട്‌ലെറ്റ്. ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിന്റെയും ആഭ്യന്തര തലത്തില്‍ ക്യൂന്‍സ്‌ലാന്‍ഡിന്റെയും താരമായ ബാര്‍ട്‌ലെറ്റിനെ വിന്‍ഡീസിനെതിരായ പരമ്പരക്ക് മുമ്പാണ് ഓസീസ് ടീമിലെത്തിക്കുന്നത്.
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ അരങ്ങേറ്റം കുറിക്കാനും ബാര്‍ട്‌ലെറ്റിനായി. ആഭ്യന്തര തലത്തിലെ മാന്ത്രികത അന്താരാഷ്ട്ര തലത്തിലും പുറത്തെടുത്തപ്പോള്‍ ബാര്‍ട്‌ലെറ്റിനെതിരെ വിന്‍ഡീസ് നിന്ന് വിറച്ചു.
മത്സരത്തില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ ഒമ്പത് ഓവര്‍ പന്തെറിഞ്ഞ താരം 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് സ്വന്തമാക്കിയത്. 1.89 എന്ന മികച്ച എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
രണ്ടാം മത്സരത്തില്‍ ബെഞ്ചിലിരിക്കേണ്ടി വന്നെങ്കിലും മൂന്നാം മത്സരത്തില്‍ ബാര്‍ട്‌ലെറ്റ് വീണ്ടും ടീമിന്റെ ഭാഗമായി. രണ്ടാം മത്സരം പരാജയപ്പെട്ടതിനാല്‍ സീരീസ് ഡിസൈഡര്‍ ഓസീസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു.
മത്സരത്തില്‍ തന്റെ രണ്ടാം അന്താരാഷ്ട്ര മത്സരം കളിക്കുന്നതിന്റെ സമ്മര്‍ദമേതുമില്ലാതെയാണ് ബാര്‍ട്‌ലറ്റ് പന്തെറിഞ്ഞത്. 7.1 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. 2.93 ആയിരുന്നു മത്സരത്തില്‍ ഓസീസ് വലം കയ്യന്‍ പേസറുടെ എക്കോണമി.
ഈ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ മത്സരത്തിലെ താരമായും പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടത് ബാര്‍ട്‌ലെറ്റ് തന്നെയായിരുന്നു.
ശേഷം നടന്ന ടി-20 പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ബെഞ്ചിലിരിക്കേണ്ടി വന്ന ബാര്‍ട്‌ലെറ്റിന് മൂന്നാം മത്സരത്തിലാണ് അവസരം ലഭിച്ചത്. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ താരം 37 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടിയിരുന്നു.
ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ബാര്‍ട്‌ലെറ്റിനെ തേടിയെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും ചുരുങ്ങിയത് പത്ത് വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാര്‍ക്കിടയിലെ മികച്ച ബൗളിങ് ശരാശരി എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.