| Sunday, 29th September 2024, 3:22 pm

മെസിക്കും റൊണാൾഡോക്കും ശേഷം ഫുട്ബോൾ ലോകം ഭരിക്കുക അവനായിരിക്കും: സാവി

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഇപ്പോള്‍ ഇവര്‍ക്ക് ശേഷം ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറാന്‍ ആര്‍ക്കാണ് സാധിക്കുക എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സ്പാനിഷ് ഇതിഹാസം സാവി. ഇംഗ്ലണ്ട് താരം റഹീം സ്റ്റെര്‍ലിങ്ങിനെയാണ് സാവി തെരഞ്ഞെടുത്തത്. മിററിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ സ്പാനിഷ് താരം.

‘ഫുട്‌ബോളില്‍ മെസിയാണ് എക്കാലത്തെയും മികച്ച താരമായി ഞാന്‍ കണക്കാക്കുന്നത്. റൊണാള്‍ഡോയും അവനും വളരെ ഉയര്‍ന്ന തലത്തിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു താരം ഇവര്‍ക്ക് ശേഷം അധികം വൈകാതെ തന്നെ എത്തും. ഭാവിയില്‍ ലോകത്തിലെ ഏറ്റവും മികച്ച താരമായി ഒരുപാട് പേരുണ്ട്. നെയ്മര്‍, എംബാപ്പെ, സലാ എന്നീ താരങ്ങളുണ്ട്. ഇവര്‍ക്ക് പുറമെ സ്റ്റെര്‍ലിങ്ങിന്റെ പേരും എല്ലാവരും ചിന്തിക്കണം,’ സാവി പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ ക്ലബ്ബുകളില്‍ പന്തുതട്ടിയ താരമാണ് സ്റ്റെര്‍ലിങ്. ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകള്‍ക്ക് വേണ്ടി ബൂട്ട് കെട്ടിയ സ്റ്റെര്‍ലിങ് നിലവില്‍ ആഴ്ണലിന് വേണ്ടിയാണ് കളിക്കുന്നത്.

പീരങ്കിപ്പടക്ക് വേണ്ടി ഈ സീസണില്‍ നാല് മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ താരം ഓരോ വീതം ഗോളും അസിസ്റ്റുമാണ് നേടിയിട്ടുള്ളത്.

അതേസമയം കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മിന്നും ജയം സ്വന്തമാക്കിയിരുന്നു. ഗണ്ണേഴ്‌സിനായി ഗബ്രിയേല്‍ മാര്‍ട്ടിനല്ലി 20, ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് 45+1, വില്‍ഫ്രഡ് എല്‍ഡിഡി 90+4(ഓണ്‍ ഗോള്‍), കൈ ഹവേര്‍ട്‌സ് 90+9) എന്നിവരായിരുന്നു ആഴ്‌സണലിനായി ഗോളുകള്‍ നേടിയത്. ലെസ്റ്റര്‍ സിറ്റിക്കായി ജയിംസ് ജസ്റ്റിന്‍ ഇരട്ടഗോള്‍ നേടി.

നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്നും നാല് വിജയവും രണ്ട് സമനിലയുമായി 14 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ആഴ്‌സണല്‍. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഒക്ടോബര്‍ രണ്ടിന് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നെതിരെയാണ് ഗണ്ണേഴ്‌സിന്റെ അടുത്ത മത്സരം.

Content Highlight: Xavi Talks about Raheem Sterling

We use cookies to give you the best possible experience. Learn more