ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജി വിട്ട് ഫ്രീ ഏജന്റായ ലയണല്‍ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നാണ് ഫുട്‌ബോള്‍ ലോകം ഒന്നടങ്കം വിശ്വസിക്കുന്നത്. വിഷയത്തില്‍ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസിന്റെ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍.
മെസി ബാഴ്‌സലോണയിലേക്ക് തിരികെ വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ കാര്യങ്ങള്‍ പ്രസിഡന്റ് ലപോര്‍ട്ടയെയും മെസിയുടെ പിതാവ് ജോര്‍ജ് മെസിയെയും ആശ്രയിച്ചിരിക്കുമെന്നാണ് സാവി പറഞ്ഞത്. സ്‌പോര്‍ട്‌സ് മാധ്യമമായ ഗോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘തീര്‍ച്ചയായും, തിരിച്ചുവരണമെന്നാണ് മെസിയുടെ ആഗ്രഹം. ഞാനും അതിയായി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ബാഴ്‌സലോണ പ്രസിഡന്റിന്റെയും മെസിയുടെ പിതാവിന്റെയും കയ്യിലാണ് കാര്യങ്ങള്‍. അതുകൊണ്ട് നമുക്ക് നോക്കാം, കാര്യങ്ങള്‍ എങ്ങനെ കറങ്ങിത്തിരിഞ്ഞുവരുമെന്ന്,’ സാവി പറഞ്ഞു.
ബാഴ്‌സലോണക്ക് പുറമെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലും എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയും മെസിയെ സൈന്‍ ചെയ്യാന്‍ രംഗത്തുണ്ട്. എന്നാല്‍ മെസിയുടെ പിതാവ് കഴിഞ്ഞ ദിവസം ലപോര്‍ട്ടയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ബാഴ്സയിലേക്ക് മടങ്ങുന്ന കാര്യത്തില്‍ തങ്ങള്‍ കോണ്‍ഫിഡന്റ് ആണെന്നും ഭാവി കാര്യങ്ങള്‍ വഴിയേ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ബാഴ്‌സലോണയില്‍ നിന്ന് 2021ലാണ് മെസി പി.എസ്.ജിയിലേക്ക് ചേക്കേറുന്നത്. ബ്ലൂഗ്രാനക്കായി കളിച്ച 778 മത്സരങ്ങളില്‍ നിന്ന് 672 ഗോളും 303 അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.