ചാമ്പ്യന്‍സ് ലീഗില്‍ ഷാക്തര്‍ ഡോണെസ്റ്റ്കിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്സലോണ പരാജയപ്പെട്ടു. ഉക്രൈന്‍ ക്ലബ്ബ് ഷാക്തര്‍ സാവിക്കും കൂട്ടര്‍ക്കും ഞെട്ടിക്കുന്ന തോല്‍വിയാണ് സമ്മാനിച്ചത്. ചാമ്പ്യന്‍സ് ലീഗിലെ ബാഴ്‌സലോണയുടെ സീസണിലെ ആദ്യ തോല്‍വിയായിരുന്നു ഇത്.
ഈ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ബാഴ്‌സലോണ പരിശീലകന്‍ സാവി. മത്സരത്തില്‍ ബാഴ്‌സലോണ പിന്നോട്ടുപോയെന്നാണ് സാവി പറഞ്ഞത്.
‘ഞങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തില്ല. ഞങ്ങള്‍ മത്സരത്തില്‍ ആസൂത്രണം ചെയ്യാന്‍ തീരുമാനിച്ച തന്ത്രങ്ങള്‍ ഒന്നും അതുപോലെ നടന്നില്ല. ഈ തോല്‍വി പിന്നോട്ടുള്ള ഒരു ചുവടുവെപ്പാണ് ഞങ്ങള്‍ക്ക് നല്‍കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ എപ്പോഴും ഉയര്‍ന്ന പ്രകടനം പുറത്തെടുക്കണം. എന്നാല്‍ ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ക്ക് പരാജയപ്പെടാതിരിക്കാന്‍ സാധിക്കുമായിരുന്നു, എന്നാല്‍ ഞങ്ങള്‍ പരാജയപ്പെട്ടു ഇത് ഞങ്ങളുടെ ഭാഗത്തുനിന്നുള്ള വലിയ തെറ്റാണ്,’ സാവി മാധ്യമങ്ങളോട് പറഞ്ഞു.
ഷാക്തറിന്റെ തട്ടകമായ വോള്‍ക്‌സ്പാര്‍സ്റ്റേഡിയോണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1-4-1 എന്ന ഫോര്‍മേഷനിലായിരുന്നു ഷാക്തര്‍ കളത്തിലിറങ്ങിയത്. അതേസമയം മറുഭാഗത്ത് 4-3-3 എന്ന ശൈലിയായിരുന്നു സാവിയും കൂട്ടരും പിന്തുടര്‍ന്നത്.
മത്സരത്തിന്റെ 40ാം മിനിട്ടില്‍ ഡാനിലോ സികാന്‍ ആണ് ഷാക്തറിന്റെ വിജയഗോള്‍ നേടിയത്. മറുപടി ഗോളിനായി കറ്റാലന്‍ പട മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാത്തത് ബാഴ്സക്ക് വലിയ തിരിച്ചടിയായി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 1-0ത്തിന്റെ മിന്നും ജയം ആതിഥേയര്‍ സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ 68 ശതമാനം ആധിപത്യവും ബാഴ്സക്കായിരുന്നെങ്കിലും എതിര്‍ ടീം ഗോള്‍ വല ചലിപ്പിക്കാന്‍ സ്പാനിഷ് വമ്പന്‍മാര്‍ക്ക് ആയില്ല. ഷാക്തറിന്റെ പോസ്റ്റിലേക്ക് വെറും ഒരു ഷോട്ട് മാത്രമാണ് ബാഴ്സക്ക് ഉതിര്‍ക്കാന്‍ സാധിച്ചത്.
തോറ്റെങ്കിലും നാല് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സ. ലാ ലിഗയില്‍ നവംബര്‍ 12ന് ഡിപ്പോര്‍ട്ടീവോ അലാവസിനെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.
Content Highlight: Xavi share the disappointment Barcelona loss against Shakhtar donetsk.