ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ ബുണ്ടസ് ലീഗ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിനെതിരെ ബാഴ്‌സലോണക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു ബാഴ്‌സ തോറ്റത്.
ബയേണിനായി 50ാം മിനിട്ടില്‍ ഹെര്‍ണാണ്ടസും 54ാം മിനിട്ടില്‍ സാനെയുമാണ് ഗോള്‍ നേടിയത്. ഗോള്‍ അടിക്കാനായില്ലെങ്കിലും സമീപ കാലത്ത് ബയേണെതിരെയുള്ള ബാഴ്‌സയുടെ ഭേദപ്പെട്ട പ്രകടനമായിരുന്നു ഇന്നലത്തെ മത്സരത്തിലേത്.
മത്സരത്തിന്റെ റിസള്‍ട്ടില്‍ ഒരുപാട് നിരാശനാണ് ടീം കോച്ച് സാവി. കഴിഞ്ഞ കുറച്ചു സീസണിലെ മോശം പ്രകടനങ്ങള്‍ക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ടീമാണ് ബാഴ്‌സ. എന്നാല്‍ ബയേണുമായി ഏറ്റുമുട്ടിയപ്പോള്‍ കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളിലെ അതേ റിസള്‍ട്ട് തന്നെയായിരുന്നു ബാഴ്‌സക്കുണ്ടായത്.
മത്സരത്തിന് ശേഷം എനിക്ക് നാണക്കേടാണ് ഈ റിസള്‍ട്ടെന്നാണ് സാവി പറഞ്ഞത്. മികച്ച രീതിയില്‍ കളിച്ചിട്ടും വിജയിക്കാന്‍ സാധിക്കാത്തത് നിര്‍ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബയേണേക്കാള്‍ നന്നായി കളിച്ചത് ബാഴ്‌സയാണെന്നാണ് അദ്ദേഹം വാദിക്കുന്നത്.
‘ഞാന്‍ നാണംകെട്ട് നില്‍ക്കുകയാണ്. ഇത് തീര്‍ച്ചയായും ജയിക്കാവുന്ന സാഹചര്യമായിരുന്നു. തോല്‍വി ഞങ്ങള്‍ അര്‍ഹിച്ചിരുന്നില്ല. ഞങ്ങളാണ് അവരേക്കാള്‍ മികച്ച രീതിയില്‍ കളിച്ചത്. എന്നാല്‍ ഇത് ചാമ്പ്യന്‍സ് ലീഗാണ് ഇവിടെ ഇങ്ങനെയാണ്,’ സാവി പറഞ്ഞു.
ആദ്യ പകുതിയില്‍ മികച്ച പ്രകടനമായിരുന്നു ബാഴ്‌സ കാഴ്ചവെച്ചത്. ഒരുപാട് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ടീമിന് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. ആ സീസണില്‍ ബയേണില്‍ നിന്നും ബാഴ്‌സയിലേക്കെതിത്തിയ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഒരുപാട് അവസരങ്ങള്‍ പുറത്തു കളഞ്ഞതും ടീമിന് വിനയായി.
മത്സരത്തില്‍ തോറ്റെങ്കിലും കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി ബയേണിനെതിരെ കാഴ്ചവെക്കുന്ന മോശം പ്രകടനത്തില്‍ നിന്നും ഒരു പരിധി വരെ മോചനം നേടാന്‍ ബാഴ്‌സക്ക് സാധിച്ചിട്ടുണ്ട്.
ബോള്‍ പൊസെഷനിലും ഷോട്ട്‌സ് അടിച്ചതിലുമെല്ലാം ബാഴ്‌സ ബയേണിനേക്കാള്‍ മുന്നിട്ട് നിന്നിരുന്നു. എന്നാല്‍ ബയേണെതിരെയുള്ള തോല്‍വി ബാഴ്‌സക്ക് മോശം രീതിയില്‍ അഫക്ട്ട് ചെയ്യുമെന്ന് വ്യക്തമാണ്.
ചാമ്പ്യന്‍സ് ലീഗ് അടുത്ത റൗണ്ടില്‍ കടക്കണമെങ്കില്‍ ബാഴ്‌സക്ക് ഗ്രൂപ്പ് സ്റ്റേജില്‍ ഇന്റര്‍ മിലാനെയും നേരിടേണ്ടതുണ്ട്.