| Wednesday, 9th August 2023, 2:11 pm

നെയ്മര്‍ ബാഴ്‌സയിലേക്കെന്ന് കേട്ടത് സത്യമോ? നിലപാട് മയപ്പെടുത്തി സാവി

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സയിലേക്ക് മടങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും പരിശീലകന്‍ സാവിയുടെ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. നെയ്മര്‍ ബാഴ്‌സലോണയിലേക്ക് വരുന്നെന്ന വാര്‍ത്ത തന്നെ അത്ഭുതപ്പെടുത്തിയെന്നും അത്തരത്തില്‍ ഒരു ചര്‍ച്ച ഇതുവരെ ക്ലബ്ബില്‍ നടന്നിട്ടില്ലെന്നും സാവി നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ തന്റെ നിലപാട് മയപ്പെടുത്തിക്കൊണ്ടുള്ള പ്രതികരണമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. നെയ്മറിന്റെ കാര്യത്തില്‍ കൂടുതലൊന്നും ഇപ്പോള്‍ പറയാനാകില്ലെന്നും ട്രാന്‍സ്ഫര്‍ വിവരങ്ങള്‍ മാനേജ്‌മെന്റ് വെളിപ്പെടുത്തുമെന്നുമാണ് സാവി പറഞ്ഞിരിക്കുന്നത്.

‘ഞങ്ങള്‍ക്ക് കൂടുതല്‍ ശക്തരാകേണ്ടതുണ്ട്. സ്‌പോര്‍ട്‌സ് ഏരിയക്കും പ്രസിഡന്റിനും യാഥാര്‍ത്ഥ്യമറിയാം. ഞങ്ങളുടെ താരങ്ങളുടെയും പരിശീലനത്തിന്റെയും പ്രീ സീസണിന്റെയും കാര്യത്തില്‍ ഞാന്‍ സന്തുഷ്ടനാണ്.

നെയ്മറെ കുറിച്ച് എനിക്ക് കൂടുതലൊന്നും പറയാന്‍ സാധിക്കില്ല. ട്രാന്‍സ്ഫര്‍ കാര്യങ്ങളെല്ലാം മാനേജ്‌മെന്റാണ് വെളിപ്പെടുത്തേണ്ടത്. എല്ലാം കാത്തിരുന്ന് കാണാം,’ സാവി പറഞ്ഞു.

ട്രാന്‍സ്ഫര്‍ വിന്‍ഡോ ക്ലോസ് ചെയ്യാനിരിക്കെ ക്ലബ്ബ് വിടുന്നതിനെ കുറിച്ച് നെയ്മര്‍ പി.എസ്.ജിയെ അറിയിച്ചിട്ടുണ്ടെന്ന് ടെലഗ്രാഫ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പി.എസ്.ജിയില്‍ നെയ്മര്‍ക്ക് രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. എന്നാല്‍ കരാര്‍ തീരുന്നത് വരെ ക്ലബ്ബില്‍ തുടരില്ലെന്നും ഈ മാസം തന്നെ ക്ലബ്ബ് വിടണമെന്നാണ് ആഗ്രഹമെന്നും നെയ്മര്‍ പി.എസ്.ജിയോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കിലിയന്‍ എംബാപ്പെ പി.എസ്.ജിയില്‍ തുടരണമെങ്കില്‍ നെയ്മറെ പുറത്താക്കണമെന്ന വ്യവസ്ഥ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തുടര്‍ന്നാണ് നെയ്മര്‍ പാരീസിയന്‍സുമായി പിരിയുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒസ്മാന്‍ ഡെംബെലയുടെ വിടവ് നികത്താനാണ് ബ്രസീല്‍ സൂപ്പര്‍ താരത്തെ കറ്റാലന്മാര്‍ തിരികെയെത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlights: Xavi”s response on Neymar’s transfer

We use cookies to give you the best possible experience. Learn more