| Friday, 7th April 2023, 8:46 am

'ഇത് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ട സമയമാണ്, ഖേദിച്ചിട്ട് കാര്യമില്ല'; പ്രതികരിച്ച് സാവി

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡിനെതിരെ തോല്‍വി വഴങ്ങിയ ബാഴ്‌സലോണ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു സ്വന്തം തട്ടകമായ ക്യാമ്പ് നൗവില്‍ ബാഴ്‌സയെ റയല്‍ കീഴ്‌പ്പെടുത്തിയത്. മത്സരത്തിന് ശേഷം ബാഴ്‌സലോണക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

തോല്‍വിക്ക് ശേഷം ബാഴ്‌സലോണ കോച്ച് സാവി ഹെര്‍ണാണ്ടസ് ഡ്രെസിങ് റൂമില്‍ താരങ്ങളോട് പങ്കുവെച്ച സന്ദേശം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണിപ്പോള്‍. ആരും നിരാശപ്പെടേണ്ടെന്നും ലാ ലിഗയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കാമെന്നുമാണ് അദ്ദേഹം താരങ്ങളോട് പറഞ്ഞത്.

‘എനിക്ക് നിങ്ങളുടെ ദേഷ്യം എനിക്ക് മനസിലാക്കാനാകും. കാരണം ഞാനും നല്ല ദേഷ്യത്തിലാണ്. ആദ്യ പകുതിയില്‍ നമ്മളവരെ എതിരേറ്റിരുന്നു. പക്ഷെ സ്‌കോര്‍ നില 0-2 ആയപ്പോള്‍ നമുക്ക് കൈവിട്ട് പോയി.

ഇനിയിത് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ട സമയമാണ്. ഖേദിച്ചിട്ട് കാര്യമില്ല. നമുക്കിത് മികച്ച സീസണ്‍ ആണെന്നും ലാ ലിഗ നേടാനുണ്ടെന്ന ബോധ്യവുമുണ്ടായിരിക്കണം,’ സാവി പറഞ്ഞു.

അതേസമയം, എല്‍ ക്ലാസിക്കോയില്‍ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബാഴ്സക്ക് മുന്നില്‍ അടിയറവ് പറഞ്ഞ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ തിരിച്ചുവരവാണ് കോപ്പ ഡെല്‍ റേയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഇതോടെ രണ്ട് പാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ച റയല്‍ മാഡ്രിഡിന് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനായി. കരിം ബെന്‍സെമ ഹാട്രിക് നേടിയ മത്സരത്തില്‍ വിനീഷ്യസ് ജൂനിയറാണ് റയല്‍ മാഡ്രിഡിനായി മറ്റൊരു ഗോള്‍ നേടിയത്.

ആദ്യ പകുതിയുടെ അവസാനത്തിലാണ് ലോസ് ബ്ലാങ്കോസ് ഗോള്‍ വേട്ട ആരംഭിക്കുന്നത്. ബെന്‍സെമ നല്‍കിയ അസിസ്റ്റില്‍ നിന്ന് വിനി ഗോള്‍ കണ്ടെത്തുകയായിരുന്നു.

മത്സരത്തിന്റെ 50ാം മിനിട്ടില്‍ മോഡ്രിച്ചിന്റെ അസിസ്റ്റില്‍ നിന്ന് ബെന്‍സിമ ഗോള്‍ നേടി. എട്ട് മിനിട്ടിനുശേഷം ലഭിച്ച പെനാല്‍ട്ടി ബെന്‍സിമ ലക്ഷ്യം കണ്ടതോടെ ലീഡ് മൂന്നായി ഉയര്‍ന്നു. 80ാം മിനിട്ടില്‍ വിനീഷ്യസിന്റെ അസിസ്റ്റില്‍ നിന്ന് ഗോള്‍ നേടിയതോടെ ബെന്‍സെമ ഹാട്രിക്ക് തികക്കുകയായിരുന്നു. ഇതോടെ സ്വന്തം മൈതാനത്ത് ബാഴ്സക്ക് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടിവരികയായിരുന്നു.

Content Highlights: Xavi’s responds to the players of Barcelona after loss against Reaol Madrid

We use cookies to give you the best possible experience. Learn more