| Monday, 27th February 2023, 8:20 am

'ഈ സീസണിലെ ഏറ്റവും മോശം മത്സരം'; ബാഴ്‌സയുടെ തോല്‍വിയില്‍ നിരാശ രേഖപ്പെടുത്തി സാവി

സ്പോര്‍ട്സ് ഡെസ്‌ക്

ലാ ലിഗയില്‍ അല്‍മിറക്കെതിരെ നടന്ന മത്സരത്തില്‍ ബാഴ്‌സലോണ തോല്‍വി വഴങ്ങിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അല്‍മിറ ബാഴ്‌സയെ കീഴ്‌പ്പെടുത്തിയത്.

മത്സരത്തിന് ശേഷം ബാഴ്‌സലോണക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണുയരുന്നത്. തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാഴ്‌സലോണ കോച്ച് സാവി ഹെര്‍ണാണ്ടസ്.

ഈ സീസണിലെ ഏറ്റവും മോശം മത്സരമാണ് അല്‍മിറക്കെതിരെ കളിച്ചതെന്നും ഇന്നത്തെ ദിവസം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘എനിക്ക് നന്നായി ദേഷ്യം തോന്നുന്നുണ്ട്. കാരണം, ഈ സീസണിലെ ഏറ്റവും മോശം പ്രകടനമാണ് ഇവിടെ കളിച്ചത്. പ്രത്യേകിച്ച് ആദ്യ പകുതിയില്‍.

രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായിരുന്നു. എന്നാലും മത്സരം വളരെ ബുദ്ധിമുട്ടുള്ളതായി കാണപ്പെട്ടു. എന്നിരുന്നാലും ഏഴ് പോയിന്റിന് ഞങ്ങള്‍ തന്നെയാണ് ലീഡ് ചെയ്യുന്നത്,’ സാവി പറഞ്ഞു.

മത്സരം വളരെയധികം നിരാശപ്പെടുത്തിയെന്നും ഇതൊരിക്കലും പ്രതീക്ഷിച്ചില്ലെന്നുമാണ് ബാഴ്‌സലോണ താരം ഫ്രങ്കീ ഡി ജോങ് പറയുന്നത്.

അല്‍മിറ നന്നായി കളിച്ചെന്നും എന്നാല്‍ തങ്ങള്‍ക്ക് കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബാഴ്‌സ യൂണിവേഴ്‌സലിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഞങ്ങള്‍ നിരാശരാണ്. 10 പോയിന്റ് ക്ലിയര്‍ ചെയ്യാനുള്ള ചാന്‍സ് ഞങ്ങള്‍ക്കുണ്ടായിരുന്നു. ഇവിടെ തോല്‍ക്കേണ്ടി വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല.

ലാ ലിഗ വളരെ പ്രധാനപ്പെട്ടൊരു ടൂര്‍ണമെന്റാണ്. കാര്യങ്ങള്‍ വിചാരിച്ചത് പോലെയായില്ല. ഞങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട് മുന്നേറാനുണ്ട്,’ ഡി ജോങ് പറഞ്ഞു.

അതേസമയം, യൂറോപ്പാ ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ ക്വാളിഫിക്കേഷന്‍ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ ബാഴ്‌സലോണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോല്‍വി വഴങ്ങുകയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

യൂറോപ്പയില്‍ നിന്നും പുറത്തായതോടെ കോപ്പാ ഡെല്‍ റേ വിജയിക്കാനുള്ള ശ്രമത്തിലാണ് ബാഴ്സയിപ്പോള്‍.

മാര്‍ച്ച് മൂന്നിന് റയല്‍ മാഡ്രിഡിനെതിരെയാണ് കോപ്പാ ഡെല്‍ റേ സെമി ഫൈനലില്‍ ബാഴ്‌സലോണയുടെ മത്സരം.

Content Highlights: Xavi’s reaction on Barcelona’s loss vs Almeira

We use cookies to give you the best possible experience. Learn more