| Friday, 14th October 2022, 5:05 pm

ആ ചെറിയ പിള്ളേര്‍ വരെ വേണ്ട സമയത്ത് വേണ്ട പോലെ ചെയ്യും; പക്ഷെ ഇവന്‍ മോശം തീരുമാനങ്ങളേ എടുക്കൂ: സ്വന്തം ടീമിലെ സൂപ്പര്‍ താരത്തിനെതിരെ സാവി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്റര്‍ മിലാനുമായി തോല്‍വിക്ക് തുല്യമായ സമനില ഏറ്റുവാങ്ങിയതിന് പിന്നാലെ സ്വന്തം ടീമിലെ കളിക്കാര്‍ക്കതിരെയുള്ള വിമര്‍ശനങ്ങളെല്ലാം തുറന്നുപറയുകയാണ് കോച്ച് സാവി ഹെര്‍ണാണ്ടസ്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഹാം ഗ്രൗണ്ടായ ക്യാമ്പ് നൗവില്‍ വെച്ചായിരുന്നു നിര്‍ണായക മത്സരത്തില്‍ ബാഴ്‌സക്ക് സമനിലയില്‍ ഒതുങ്ങേണ്ടി വന്നത് എന്നതും സ്‌പെയ്‌നിലെ ജെയിന്റ്‌സിനെ അസ്വസ്ഥമാക്കുന്നുണ്ട്.

ഫോര്‍വേഡിലെ സൂപ്പര്‍താരമായ ഒസ്മാനേ ഡെംബാലേയുടെ ഗെയിമിലെ പോരായ്മകളാണ് സാവി ഇപ്പോള്‍ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരിക്കുന്നത്. മത്സരത്തില്‍ ഒരു ഗോള്‍ നേടിയിരുന്നെങ്കിലും തീരുമാനമെടുക്കുന്നതില്‍ താരത്തിന് പിഴവുകള്‍ സംഭവിക്കുന്നുണ്ടെന്നാണ് സാവി പറയുന്നത്.

‘ഗ്രൗണ്ടില്‍ കൂടുതല്‍ മെച്ചപ്പെട്ട തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. ഒസ്മാനേ മാത്രമല്ല, എല്ലാവരും അക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഫുട്‌ബോളിലെ പക്വതയുടെ ഭാഗമാണത്. ഗാവിയും പെദ്രിയും വളരെ ചെറുപ്പമാണ്. പക്ഷെ അവര്‍ അവശ്യ സമയത്ത് കൃത്യ തീരുമാനമെടുക്കും.

ഒസ്മാനേ പക്ഷെ ഇക്കാര്യത്തില്‍ കുറച്ചധികം ബുദ്ധിമുട്ടുന്നുണ്ട്. നല്ല വേഗതയുള്ള കളിക്കാരനാണവന്‍, പിച്ചിലെ ഏത് ഭാഗത്ത് നിന്നും കളിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ എനിക്കും ടീമിന് മുഴുവനും അവനില്‍ ഒരുപാട് വിശ്വാസമുണ്ട്. പക്ഷെ ചിലപ്പോഴെല്ലാം അവന്‍ വളരെ മോശം തീരുമാനങ്ങളാണെടുക്കുന്നത്,’ സാവി പറഞ്ഞു.

ടീമിന്റെ ഡിഫന്‍സിലെയും മൊത്തം പെര്‍ഫോമന്‍സിലെയും തന്റെ നിരാശയും സാവി തുറന്നുപറഞ്ഞിരുന്നു.

‘നിരാശ മാത്രമല്ല. എനിക്ക് നല്ല ദേഷ്യവും വരുന്നുണ്ട്. കഴിഞ്ഞ സീസണില്‍ നമ്മള്‍ അത്ര മികച്ച ടീമല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ അതല്ല, മിസ്‌ടേക്കുകള്‍ കൊണ്ട് മാത്രമാണ് പരാജയപ്പെടുന്നത്. ഇതാണ് കൂടുതല്‍ വേദനിപ്പിക്കുന്നത്. കൈവെള്ളയിലുണ്ടായിരുന്ന കളിയാണ് കളഞ്ഞുകുളിച്ചത്.

ഞങ്ങളുടെ പ്രതിരോധനിരയുടെ മിസ്ടേക്ക് കൊണ്ട് മാത്രമാണ് മിലാന് ആദ്യ ഗോള്‍ നേടാനായത്. രണ്ടാമത്തെ ഗോളും അങ്ങനെ തന്നെയായിരുന്നു. ആദ്യ ഗോളിന്റെ സമയത്ത് പറ്റിയ മിസ്ടേക്ക് ഞങ്ങളെ മാനസികമായി തകര്‍ത്തു. ഇത്രയും പ്രധാനപ്പെട്ട മത്സരങ്ങളില്‍ എതിര്‍ ടീമിന് ആ രണ്ടാമത്തെ ഗോളിനുള്ള അവസരം ഞങ്ങള്‍ ഒരിക്കലും നല്‍കരുതായിരുന്നു.

മ്യൂണിച്ചിലും ഇപ്പോള്‍ മിലാനിലുമൊക്കെ അതാണ് സംഭവിച്ചത്. ഈ ഘട്ടത്തില്‍ ആത്മവിമര്‍ശനപരമായി സമീപിച്ചേ മതിയാകൂ,’ സാവി പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ബാഴ്‌സ-മിലാന്‍ മാച്ച് 3-3നായിരുന്നു സമനിലയിലായത്. ഒസ്മാനേ ഡെംബാലേയിലൂടെ ഹാഫ് ടൈമിന് തൊട്ടുമുമ്പ് 40ാം മിനിട്ടില്‍ ബാഴ്‌സയായിരുന്നു ആദ്യം ഗോള്‍ നേടിയത്. ഹാഫ് ടൈമില്‍ പന്ത് കയ്യില്‍ വെച്ചും ഗോളിനുള്ള അവസരങ്ങള്‍ തുറന്നും തരക്കേടില്ലാത്ത രീതിയിലായിരുന്നു കറ്റാലന്‍സിന്റെ കളി.

പക്ഷെ ഹാഫ് ടൈം കഴിഞ്ഞതോടെ കാര്യങ്ങളൊക്കെ കൈവിട്ടുപോയി. ബാഴ്‌സയുടെ പ്രതിരോധനിരയെ നോക്കുകുത്തികളാക്കി ഇന്റര്‍ മിലാന്‍ കയറി കളിച്ചു. നിക്കോള ബാരല്ലയും ലൗട്ടാരോ മാര്‍ട്ടിനസും ഗോളടിച്ചു. ഇതിനിടയില്‍ 82ാം മിനിട്ടില്‍ ലെവന്‍ഡോസ്‌കി ഇന്റര്‍ മിലാന്റെ ഗോള്‍ വല കുലുക്കി.

ഇങ്ങനെ 2-2ല്‍ കളി നില്‍ക്കുന്നതിനിടയില്‍ 89ാം മിനിട്ടില്‍ റോബിന്‍ ഗോസന്‍സ് ബാഴ്‌സയുടെ പ്രതിരോധനിരയെ തകര്‍ത്ത് പന്ത് പായിച്ചു മിലാനെ ഒരു പടി മുന്നിലെത്തിച്ചു.

തോല്‍വി ഉറപ്പിച്ച നിലയിലായിരുന്നു ബാഴ്‌സ. എന്നാല്‍ എക്‌സ്ട്രടൈമിലെ രണ്ടാം മിനിട്ടില്‍ ലെവന്‍ഡോസ്‌കിയുടെ ആശ്വാസ ഗോളെത്തി. പിന്നീട് വിസില്‍ മുഴുങ്ങുന്നതിന് മുമ്പ് ഒരു തിരിച്ചടി നടത്താന്‍ മിലാന് കഴിഞ്ഞില്ല.

കളിയിലുടനീളം ബാഴ്സയുടെ സൂപ്പര്‍താരങ്ങള്‍ നിറഞ്ഞ പ്രതിരോധ നിര പാടെ നിസഹായരാകുന്ന കാഴ്ചയായിരുന്നു കണ്ടത്. റോബര്‍ട്ടോ, ഗാര്‍സിയ, പീക്വെ, അലന്‍സോ എന്നീ നാല്‍വര്‍ സംഘത്തിനും മിഡ്ഫീല്‍ഡേഴ്സായ ബുസ്‌ക്വെറ്റ്സിനും ഗാവിക്കും പെദ്രിക്കും ഇന്റര്‍ മിലാനെ പ്രതിരോധിക്കാന്‍ കാര്യമായൊന്നും ചെയ്യാനായില്ല.

നിലവില്‍ ഗ്രൂപ്പ് സിയില്‍ ബയേണ്‍ മ്യൂണിക്കാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 12 പോയിന്റാണ് ടീമിനുള്ളത്. ഏഴ് പോയിന്റുമായി മിലാന്‍ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്തുള്ള ബയേണിന് നാല് പോയിന്റ് മാത്രമാണുള്ളത്.

വരാന്‍ പോകുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ ഇനി ബാഴ്‌സക്ക് നോക്കൗട്ടിലെത്താന്‍ സാധിക്കൂ. അതായത് ബയേണ്‍ മ്യൂണികിനെയും വിക്ടോറിയ പ്ലസാനിയെയും തോല്‍പ്പിക്കണം. കൂടാതെ ഇന്റര്‍ മിലാന്‍ ചില കളികളില്‍ തോറ്റ് പോയിന്റ് നിലയില്‍ കുറെ പിന്നോട്ട് പോകുകയും വേണം. ബാഴ്‌സയുടെ നിലവിലെ പെര്‍ഫോമന്‍സ് വെച്ച് ഇതൊന്നും അത്ര എളുപ്പമാകില്ല.

Content Highlight: Xavi’s heated response against his own team Barcelona after the draw with Inter Milan

We use cookies to give you the best possible experience. Learn more