ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ക്ലബ്ബുകളിലൊന്നാണ് ബാഴ്‌സലോണ. കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനത്തിന്റെ ക്ഷീണം മാറ്റാനായി മികച്ച ടീമുമായിട്ടാണ് ഇത്തവണ ബാഴ്‌സ ഇറങ്ങുന്നത്.
ടീമിന്റെ എക്കാലത്തേയും മികച്ച സൂപ്പര്‍ താരമായ ലയണല്‍ മെസി ബാഴ്‌സയില്‍ തിരിച്ചെത്തുമെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. മെസിയെ വീണ്ടും ബാഴ്സയിലേക്കെത്തിക്കാന്‍ മുഖ്യപരിശീലകന്‍ സാവി ക്ലബ്ബിനോടാവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പി.എസ്.ജിയില്‍ മെസിയുടെ കരാര്‍ കഴിയുന്നതോടെ താരത്തെ വീണ്ടും ബാഴ്സയിലെത്തിക്കാനാണ് സാവി ആവശ്യപ്പെട്ടിരിക്കുന്നത് എന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സാവി. മെസിയെ തിരിച്ച് ടീമിലെത്തിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2023ല്‍ പി.എസ്.ജി കരാര്‍ അവസാനിക്കുന്ന താരത്തെ ആ സമയത്ത് ബാഴ്സലോണയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സാവി ആവശ്യപ്പെട്ടുവെന്ന് പ്രമുഖ മാധ്യമമായ സ്‌പോര്‍ട്ട് ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
‘നിലവില്‍ ലയണല്‍ മെസിയെ സ്വന്തമാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. താരത്തിന് പി.എസ്.ജിയുമായി കരാര്‍ നിലനില്‍ക്കുന്നുണ്ട്. ഭാവിയില്‍ നമുക്ക് നോക്കാം,’ സാവി പറഞ്ഞു.
മികച്ച പ്രകടനങ്ങളുമായി പരിശീലന മത്സരങ്ങള്‍ ആരംഭിച്ച ബാഴ്‌സ ഇപ്പോള്‍ അതിലാണ് ശ്രദ്ധിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രീ സീസണ്‍ മത്സരത്തിനു മുമ്പുള്ള പത്രസമ്മേളനത്തിലായിരുന്നു സാവി സംസാരിച്ചത്.
റിപ്പോര്‍ട്ടുകളും അതിനുള്ള സാവിയുടെ മറുപടിയും മെസി ബാഴ്സയില്‍ തിരിച്ചെത്താനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അടുത്ത സീസണില്‍ കരാര്‍ അവസാനിക്കാനിരിക്കെ ഫ്രീ ഏജന്റായി താരത്തെ സ്വന്തമാക്കാനുള്ള ശ്രമമാകും ബാഴ്സ നടത്തുക.