| Thursday, 23rd February 2023, 7:05 pm

ബാഴ്‌സലോണയില്‍ ആരെ വേണമെങ്കിലും വില്‍ക്കാന്‍ തയ്യാര്‍, എന്നാല്‍ അവരെ വേണം; വെളിപ്പെടുത്തി കോച്ച് സാവി

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സയില്‍ നിന്ന് ആരെ വേണമെങ്കിലും വില്‍ക്കാം, എന്നാല്‍ അവരെ വേണം; വെളിപ്പെടുത്തി കോച്ച് സാവി

ബാഴ്‌സലോണയില്‍ ആരെ വേണമെങ്കിലും വില്‍ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ആറ് താരങ്ങളെ ടീമില്‍ നിലനിര്‍ത്തണമെന്നും കോച്ച് സാവി ഹെര്‍ണാണ്ടസ്.

ബാഴ്‌സയിലെ ട്രാന്‍സ്ഫറുകളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് സാവിയുടെ പ്രതികരണം. സ്പാനിഷ് മാധ്യമമായ എല്‍ നാഷണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം റൊണാള്‍ഡോ അറൗജോ, പെഡ്രി, ഗാവി, ജൂള്‍സ് കോണ്ടെ, റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ആന്‍ഡ്രിയാസ് ക്രിസ്‌റ്റെന്‍സന്‍ എന്നീ താരങ്ങളെയാണ് ബാഴ്‌സലോണയില്‍ നിലനിര്‍ത്തണമെന്ന് സാവി ആവശ്യപ്പെട്ടത്. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ് ഇവര്‍ ആറ് പേരും.

മെസി ബാഴ്‌സലോണയിലേക്ക് തിരികെയെത്തുമെന്ന അഭ്യൂഹങ്ങളോടും സാവി നേരത്തെ പ്രതികരിച്ചിരുന്നു. ബാഴ്‌സലോണ എഫ്.സി മെസിയുടെ വീടാണെന്നും എല്ലായിപ്പോഴും ബാഴ്‌സയുടെ വാതിലുകള്‍ മെസിക്കായി തുറന്നുകിടക്കുമെന്നും സാവി പറഞ്ഞു.

മെസി തന്റെ സുഹൃത്താണെന്നും തങ്ങള്‍ പരസ്പരം വിളിച്ച് സംസാരിക്കാറുണ്ടെന്നും എന്നാല്‍ ഏത് ക്ലബ്ബുമായി സൈനിങ് നടത്തണമെന്നുള്ളത് തീര്‍ത്തും അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും സാവി പറഞ്ഞു.

അതേസമയം ഈ സീസണില്‍ ബാഴ്‌സ വിടാന്‍ തയ്യാറെടുക്കുന്ന താരമാണ് അന്‍സു ഫാറ്റി. പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തിയെങ്കിലും ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനായിട്ടില്ല.

തുടര്‍ന്ന് അന്‍സു ഫാറ്റിയെ റിലീസ് ചെയ്യാന്‍ ബാഴ്‌സ തീരുമാനമെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും, ഈ സീസണില്‍ ബാഴ്‌സയില്‍ ആരൊക്കെ നിലനില്‍ക്കുമെന്നും ആരൊക്കെ പുറത്തുപോകുമെന്നും കാത്തിരുന്ന് കാണണം.

ഫെബ്രുവരി 24ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.

Content Highlights: Xavi ready to sanction sale of any Barcelona player except six first

We use cookies to give you the best possible experience. Learn more