ലാ ലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാഴ്സലോണ സമനില വഴങ്ങിയിരുന്നു. ക്യാമ്പ് നൗവില്‍ ബ്ലൂഗ്രാനയും ജിറോണയും തമ്മില്‍ നടന്ന മത്സരമാണ് ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചത്. മത്സരത്തിന് ശേഷം ബാഴ്സലോണ കോച്ച് സാവി ഹെര്‍ണാണ്ടസിന് നേരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സെര്‍ജി റോബേര്‍ട്ടോയെയും എറിക് ഗാര്‍ഷ്യയെയും സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഇറക്കിയതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്.
ഈ സീസണില്‍ ബാഴ്സലോണയിലെ പ്രധാനിയായ താരമാണ് സെര്‍ജി റോബേര്‍ട്ടോ. മധ്യനിരയില്‍ റൈറ്റ് ബാക്ക് ആയി കളിക്കുന്ന താരം 28 മത്സരങ്ങളില്‍ നിന്ന് നാല് ഗോളും മൂന്ന് അസിസ്റ്റുകളുമാണ് ബാഴ്സക്കായി നേടിയത്. റോബേര്‍ട്ടോക്ക് പകരം ബാഴ്സയുടെ യുവതാരം പാബ്ലോ ടോറെയെ ഇറക്കാമായിരുന്നെന്ന് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുകയായിരുന്നു.
വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ സാവി. തങ്ങള്‍ ഇപ്പോള്‍ മികച്ച നിലയിലാണെന്നും അതുകൊണ്ട് വിമര്‍ശനങ്ങളെ മൈന്‍ഡ് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മത്സരത്തില്‍ നന്നായി കളിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നു. ഞങ്ങള്‍ ഇപ്പോള്‍ വളരെ നല്ല നിലയിലാണുള്ളത്. അതുകൊണ്ട് വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കുന്നില്ല. പോയിന്റ് പട്ടികയില്‍ മികച്ച സ്‌കോറുമായി ഞങ്ങള്‍ ഇപ്പോള്‍ മുന്നിലുണ്ട്,’ സാവി പറഞ്ഞു.
അതേസമയം, കോപ്പ ഡെല്‍ റേയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് ബാഴ്സലോണയെ കീഴ്പ്പെടുത്തിയിരുന്നു. തോല്‍വി വഴങ്ങിയതോടെ ബാഴ്സ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു. എന്നിരുന്നാലും ലാ ലിഗയുടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ. 13 പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്.
ഏപ്രില്‍ 16ന് ഗെറ്റാഫെക്കെതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.