Football
'ഞങ്ങളുടെ മുന്‍ഗണനകള്‍ ഇതൊക്കെയാണ്'; നെയ്മറുടെ ബാഴ്‌സലോണ സൈനിങ്ങിനെ കുറിച്ച് സാവി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 04, 08:05 am
Tuesday, 4th July 2023, 1:35 pm

ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ പി.എസ്.ജിയുമായി പിരിയുകയാണെന്നും താരത്തിന്റെ മുന്‍ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങുമെന്നും അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാഴ്സലോണ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്.

നെയ്മര്‍ ബാഴ്സലോണയിലേക്ക് വരുന്നെന്ന വാര്‍ത്ത തന്നെ അത്ഭുതപ്പെടുത്തിയെന്നും അത്തരത്തില്‍ ഒരു ചര്‍ച്ച ഇതുവരെ ക്ലബ്ബില്‍ നടന്നിട്ടില്ലെന്നുമാണ് സാവി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ഞാന്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. നെയ്മറെ സൈന്‍ ചെയ്യിക്കുന്ന കാര്യത്തില്‍ ബാഴ്സലോണയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഒരു സുഹൃത്തെന്ന നിലയില്‍ എനിക്ക് വളരെ ഇഷ്ടമുള്ളയാളാണ് നെയ്. പക്ഷെ ഞങ്ങള്‍ വ്യത്യസ്ത മുന്‍ഗണനകളാണുള്ളത്. അവന്‍ ബാഴ്സയിലേക്ക് വരുന്നില്ല,’ സാവി പറഞ്ഞതായി റൊമാനോ ട്വീറ്റ് ചെയ്തു.

അതേസമയം, നെയ്മറിന്റെ പി.എസ്.ജിയിലെ ഭാവി അനിശ്ചിതത്വത്തിലാണ്. 2025 വരെ ക്ലബ്ബുമായി താരത്തിന് കരാര്‍ ഉണ്ടെങ്കിലും താരത്തെ പുറത്താക്കാന്‍ പി.എസ്.ജി പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മറിന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതോടെ ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താന്‍ തീരുമാനിച്ച പി.എസ്.ജി നെയ്മറടക്കം പലരെയും പുറത്താക്കാന്‍ പദ്ധതിയിടുകയായിരുന്നു.

നെയ്മറെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സി രംഗത്തുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സ്‌കൈ സ്‌പോര്‍ട്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പ്രകാരം നെയ്മറിന് പി.എ.സ്ജിയില്‍ രണ്ട് വര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുള്ളതിനാല്‍ താരത്തെ സ്വന്തമാക്കുന്നതിന് ചെല്‍സിക്ക് വലിയ തുക ചെലവാക്കേണ്ടി വരും. താരവുമായുള്ള സൈനിങ്ങിന് മറ്റ് തടസങ്ങളൊന്നുമില്ലാത്ത പക്ഷം ബ്രസീല്‍ സൂപ്പര്‍താരം ഇനി ബ്ലൂസിനൊപ്പം കളിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Xavi reacts on Neymar’s Barcelona signing