ഖത്തർ ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ബാഴ്‌സലോണ കോച്ച് ഹെർണാണ്ടസ് സാവി. ഫിഫ വേൾഡ്കപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുമ്പോഴാണ് സാവിയുടെ പ്രവചനം.
മുൻ സ്‌പെയിൻ താരം കൂടിയായ സാവി ഫൈനലിൽ ബ്രസീലും സ്‌പെയിനും ഏറ്റുമുട്ടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ ഏഴ് ഗോളുകളോടെ തകർപ്പൻ ജയമാണ് സ്‌പെയിൻ കാഴ്ചവെച്ചിരുന്നത്.
എന്നാൽ തുടർ മത്സരങ്ങളിൽ ജർമനിക്കെതിരെ സമനിലയും ജപ്പാനോട് തോൽവിയും വഴങ്ങുകയായിരുന്നു. എന്നിരുന്നാലും മികച്ച പ്രകടനമാണ് സ്പാനിഷ് താരങ്ങൾ ലോകകപ്പിൽ പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്.
പ്രീക്വാർട്ടറിൽ മൊറോക്കോയെയാണ് സ്‌പെയിൻ നേരിടുന്നത്. ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തെ രണ്ട് ഗോൾ മാർജിനിൽ തോൽപ്പിച്ചവരാണ് മൊറോക്കോ. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ സ്പെയിൻ-മൊറോക്കോ പോരാട്ടം ഉറ്റുനോക്കുന്നത്.
അതേസമയം ബ്രസീൽ പ്രീക്വാർട്ടറിൽ സൗത്ത് കൊറിയയെ തകർത്ത് ക്വാർട്ടറിൽ ഇടം പിടിച്ചു. കൊറിയയെ 4-1നാണ് ബ്രസീൽ പരാജയപ്പെടുത്തിയത്.
ആദ്യ പകുതിയിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു കാനറികൾ ആധിപത്യം പുലർത്തിയത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ഗോൾ നേടിയത്.
സൂപ്പർ താരം നെയ്മർ ബ്രസീൽ ടീമിൽ തിരിച്ചെത്തി എന്നതായിരുന്നു ഇന്നത്തെ പ്രധാന മാറ്റം. ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയക്കെതിരായ മത്സരത്തിൽ കാൽക്കുഴക്ക് പരിക്കേറ്റ് മടങ്ങിയ നെയ്മർ പിന്നീടുള്ള ബ്രസീലിൻറെ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല.
അതേസമയം ക്വാർട്ടറിൽ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ.