ബാര്‍സിലോന ഇതിഹാസം ചാവിയുടെ ഇതുവരെയുള്ള പ്രവചനം കൃത്യം; ഖത്തര്‍ കിരീടം നേടുമെന്ന പ്രവചനവും യാഥാര്‍ത്ഥ്യമാകുമോ?പ്രതീക്ഷയോടെ ആരാധകര്‍
2019 AFC Asian Cup
ബാര്‍സിലോന ഇതിഹാസം ചാവിയുടെ ഇതുവരെയുള്ള പ്രവചനം കൃത്യം; ഖത്തര്‍ കിരീടം നേടുമെന്ന പ്രവചനവും യാഥാര്‍ത്ഥ്യമാകുമോ?പ്രതീക്ഷയോടെ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 29th January 2019, 11:42 pm

ദോഹ: ഒടുവില്‍ സ്പാനിഷ് ഇതിഹാസം ചാവിയുടെ പ്രവചനം സത്യമായി. ഏഷ്യാകപ്പ് ഫൈനലില്‍ ഖത്തറും ജപ്പാനും നേര്‍ക്കുനേര്‍ എത്തുന്നു. ഇനിയുള്ളത് ആര് കിരീടം നേടുമെന്നതാണ്. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് ചാവി പ്രഖ്യാപിച്ചത് ഖത്തര്‍ കിരീടം നേടുമെന്നാണ്. ഇനി ഫുട്‌ബോള്‍ ലോകത്തിന്റെ കാത്തിരിപ്പ് കിരീടം ആര് ഉയര്‍ത്തും എന്നറിയാനാകും.

ഖത്തര്‍ ടീമായ അല്‍ സദ്ദിന്റെ ഭാഗമാണ് സ്പാനിഷ് മുന്‍ താരം ചാവി. ഖത്തറിലെ വാര്‍ത്താ ചാനലായ അല്‍ ഖസ്സ് നടത്തിയ പ്രവചനത്തിലായിരുന്നു കിരീടം ഖത്തര്‍ നേടുമെന്ന് ചാവി പ്രവചിച്ചത്. ടൂര്‍ണമെന്റിന്റെ അവസാന ലാപ്പിലെത്തുമ്പോള്‍ ചാവിയുടെ 99 ശതമാനവും പ്രവചനവും ശരിയായിട്ടുണ്ട്.

ALSO READ: മുഈസ് അലിയെ ‘വേശ്യ’യുടെ മകനെന്ന് വിളിച്ച് എമറാത്തികള്‍; മാന്യതവിട്ട എമിറേറ്റ് ഫാന്‍സിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ക്വാര്‍ട്ടര്‍ ഫൈനലില്‍ ചാവി പ്രവചിച്ച 8 ടീമുകളില്‍ ഏഴും സെമിയില്‍ പ്രവചിച്ച 4ല്‍ മൂന്ന് ടീമുകളും കൃത്യമായിരുന്നു. ജപ്പാന്‍, ചൈന, ഇറാന്‍,ഓസ്‌ട്രേലിയ, യു.എ.ഇ, ദക്ഷിണ കൊറിയ, ഖത്തര്‍, ഇറാഖ് എന്നിവര്‍ ക്വാര്‍ട്ടറിലെത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഇറാഖിന് പകരം വിയറ്റ്‌നാമാണ് ക്വാര്‍ട്ടറില്‍ എത്തിയത്. സെമിയിലേക്ക് ഓസ്‌ട്രേലിയ കയറുമെന്ന് ചാവി പ്രവചിച്ചു. പക്ഷെ സെമിയിലെത്തിയത് യു.എ.ഇ. ഈ രണ്ട് പിഴവ് മാറ്റി നിറുത്തിയാല്‍ ബാക്കിയെല്ലാം കിറുകൃത്യം.

ഇനി പ്രവചനത്തിലെ അവസാനത്തേത്. ഖത്തര്‍ കിരീടം നേടുമെന്ന് ചാവി. അത് യാഥാര്‍ത്ഥ്യമാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.