| Monday, 6th November 2023, 9:54 am

ലോക ഫുട്‌ബോളില്‍ വ്യത്യസ്തത കൊണ്ടുവന്നു; ക്രിസ്റ്റ്യാനോയെക്കാള്‍ മികച്ചത് അവന്‍ തന്നെ: സാവി

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിസ്റ്റ്യാനോയോ റൊണാള്‍ഡോയാണോ ലയണല്‍ മെസിയാണോ മികച്ചത് എന്ന ചോദ്യത്തിന് മറുപടി നല്‍കി ബാഴ്‌സലോണ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്. ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസിയാണെന്നും അവിടെ താരതമ്യം നടത്തേണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

താനാണ് ഫുട്‌ബോളില്‍ ഏറ്റവും മികച്ചത് എന്ന് ക്രിസ്റ്റ്യാനോ പറയുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നും മെസിയുടെ പ്രകടനം കണ്ടിട്ടുള്ളവര്‍ക്ക് കാര്യമറിയാമെന്നും അദ്ദേഹം പറഞ്ഞു. സാവിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ബ്ലീച്ചര്‍ റിപ്പോര്‍ട്ടാണ് ഇക്കാര്യം പങ്കുവെച്ചത്.

‘ലോക ഫുട്‌ബോളില്‍ വ്യത്യസ്തത കൊണ്ടുവന്ന താരമാണ് മെസി. ക്രിസ്റ്റ്യാനോയോട് താരതമ്യം ചെയ്യുമ്പോള്‍ മെസിക്ക് കൂടുല്‍ നേട്ടങ്ങളുണ്ട്. മെസി തന്നെയാണ് മികച്ചത്.

താനാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് ക്രിസ്റ്റ്യാനോ പറയുന്നതില്‍ കുഴപ്പമൊന്നുമില്ല. കാരണം മെസിയുടെ പ്രകടനം കണ്ടിട്ടുള്ളവര്‍ക്കറിയാം അവിടെ താരതമ്യം നടത്തേണ്ട കാര്യമൊന്നുമില്ലെന്ന്. ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസി,’ സാവി പറഞ്ഞു.

2023ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം മെസി സ്വന്തമാക്കിയിരുന്നു. കരിയറിലെ എട്ടാമത്തെ ബാലണ്‍ ഡി ഓറാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് മെസിക്ക് ബാലണ്‍ ഡി ഓര്‍ നേടിക്കൊടുത്തത്.

മെസിക്ക് ശക്തമായ പോരാട്ടം നല്‍കിയിരുന്നത് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയ നോര്‍വീജന്‍ ഗോളടി യന്ത്രം എര്‍ലിങ് ഹാലണ്ട് ആണ്. ദേശീയ ടീമിന് വേണ്ടി മെസി നേടിയ നേട്ടങ്ങളെല്ലാം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേട്ടത്തിന്റെ കിരീടം ഇതിനോടകം സ്വന്തമാക്കിയ ഹാലണ്ട് സിറ്റിക്ക് ക്വാഡ്രാപ്പിള്‍ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.

ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അര്‍ജന്റീനക്കായി കിരീടമുയര്‍ത്തിയതിന് പുറമെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി 20 ഗോളുകളും 21 അസിസ്റ്റുകളും മെസി അക്കൗണ്ടിലാക്കിയിട്ടുണ്ട്. പാരീസിയന്‍സിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയ മെസി ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.

Content Highlights: Xavi praises Cristiano Ronaldo

We use cookies to give you the best possible experience. Learn more