മെസി ബാഴ്‌സയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ബാഴ്‌സലോണ മാനേജര്‍ സാവി ഹെര്‍ണാണ്ടസ്. പാരിസില്‍ മെസി ഹാപ്പിയാണെന്നും ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കേണ്ട സമയമല്ലെന്നും സാവി പറഞ്ഞു. പ്രമുഖ ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്
‘ലിയോയുടെ ബാഴ്സയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കാനുള്ള സമയമല്ല ഇതെന്ന് ഞാന്‍ കരുതുന്നു. അവന്‍ എന്റെ ഒരു സുഹൃത്താണ്, അവന്‍ അവിടെ(പി.എസ്.ജിയില്‍) സുഖമായിരിക്കുന്നു, ഞങ്ങള്‍ ഇവിടെ(ബാഴ്‌സലോണ)യും ഹാപ്പിയാണ്.
ബാഴ്സലോണ മെസിയുടെ വീടാണ്, അതിനാല്‍ ഇപ്പോള്‍ ശാന്തനായിരിക്കട്ടെ, പാരീസില്‍ നന്നായി കളിക്കുന്നത് തുടരട്ടെ,’ എന്നാണ് സാവി പറഞ്ഞത്.
കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും പുതിയ സീസണില്‍ പി.എസ്.ജിക്കായി മികച്ച പ്രകടനമാണ് മെസി പുറത്തെടുക്കുന്നത്.
പി.എസ്.ജിക്കായുള്ള കഴിഞ്ഞ മത്സരത്തിലും മെസി ഗോള്‍ നേടിയിരുന്നു. ഒരു തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളിലൂടെയാണ് മെസി ഒ.ജി.സി വലകുലുക്കിയത്. മത്സരത്തിന്റെ 29ാം മിനിട്ടിലായിരുന്നു മെസിയുടെ ഗോള്‍ പിറന്നത്.
നാഷണല്‍ ടീമായ അര്‍ജന്റീനക്ക് വേണ്ടിയും തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെക്കുന്നത്. ജമൈക്കക്കെതിരായി കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി ഇരട്ട ഗോള്‍ നേടിയാണ് മെസി തിളങ്ങിയത്. ലീഗ് വണ്ണില്‍ അഞ്ചും ചാമ്പ്യന്‍സ് ലീഗില്‍ ഒരു ഗോളുമാണ് മെസി സീസണില്‍ ഇതിനോടകം തന്നെ നേടിയത്.
Content highlights: Xavi on Lionel Messi’s return back to Barcelona