| Monday, 12th June 2023, 9:15 pm

ബാഴ്‌സയില്‍ ആരൊക്കെ വന്നാലും പോയാലും വിഷയമില്ല, പക്ഷെ അവരെ വിട്ടയക്കില്ല: സാവി

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സലോണ താരങ്ങളുടെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ റൂമറുകള്‍ ശക്തമാവുകയാണ്. സൂപ്പര്‍താരം ലയണല്‍ മെസി ബാഴസയിലേക്ക് തിരിച്ച് വരുന്നെന്ന അഭ്യൂഹങ്ങള്‍ക്കൊപ്പം ബാഴ്‌സ പല താരങ്ങളെയും പുറത്താക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ് നേരത്തെ പറഞ്ഞിരുന്ന കാര്യങ്ങള്‍ ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍.

ബാഴ്സലോണയില്‍ ആരെ വേണമെങ്കിലും വില്‍ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ആറ് താരങ്ങളെ ടീമില്‍ നിലനിര്‍ത്തണമെന്നുമാണ് സാവി പറഞ്ഞത്. സ്പാനിഷ് മാധ്യമമായ എല്‍ നാഷണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം റൊണാള്‍ഡോ അറൗഹോ, പെഡ്രി, ഗാവി, ജൂള്‍സ് കോണ്ടെ, റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ആന്‍ഡ്രിയാസ് ക്രിസ്റ്റെന്‍സന്‍ എന്നീ താരങ്ങളെയാണ് ബാഴ്സലോണയില്‍ നിലനിര്‍ത്തണമെന്ന് സാവി ആവശ്യപ്പെട്ടത്. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ് ഇവര്‍ ആറ് പേരും.

മെസി ബാഴ്സലോണയിലേക്ക് തിരികെയെത്തുമെന്ന അഭ്യൂഹങ്ങളോടും സാവി നേരത്തെ പ്രതികരിച്ചിരുന്നു. ബാഴ്സലോണ എഫ്.സി മെസിയുടെ വീടാണെന്നും എല്ലായിപ്പോഴും ബാഴ്സയുടെ വാതിലുകള്‍ മെസിക്കായി തുറന്നുകിടക്കുമെന്നും സാവി പറഞ്ഞു.

എന്നാല്‍, ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് ഫ്രീ ഏജന്റായ മെസി എം.എല്‍.എസ്.ക്ലബ്ബായ ഇന്റര്‍ മിയാമിയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ താരം തന്നെയാണ് അമേരിക്കന്‍ ക്ലബ്ബുമായി സൈനിങ് നടത്തുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇംഗ്ലണ്ട് ഇതിഹാസമായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിയുമായി സൈനിങ് നടത്തുക. നിലവില്‍ ലീഗില്‍ 15ാം സ്ഥാനത്ത് തുടരുന്ന ഇന്റര്‍ മിയാമിയെ ടോപ്പിലെത്തിക്കാന്‍ മെസിക്ക് സാധിക്കുമെന്നാണ് പ്രമുഖ ഫുട്‌ബോള്‍ താരങ്ങളടക്കം പലരുടെയും വിലയിരുത്തല്‍.

Content Highlights: Xavi is not ready to leave six players from Barcelona

We use cookies to give you the best possible experience. Learn more