| Friday, 16th June 2023, 11:02 pm

ബാഴ്‌സലോണ സൂപ്പര്‍താരത്തിന്റെ ജേഴ്‌സിയണിയാന്‍ ക്ഷണം; ഓഫര്‍ നിരസിച്ച് താരം; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്സയിലെ നിര്‍ണായക താരങ്ങളില്‍ ഒരാളായ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് കഴിഞ്ഞ മാസമാണ് ബാഴ്‌സലോണയുടെ പടിയിറങ്ങിയത്. താരത്തിന് ഒത്ത പകരക്കാരനെ അന്വേഷിക്കുകയാണ് പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്.

റയല്‍ സോസിഡാഡ് സൂപ്പര്‍താരം മാര്‍ട്ടിന്‍ സുബിമെന്‍ഡിയെയാണ് സാവി നോട്ടമിട്ടിരുന്നത്. പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ആഴ്സണലടക്കം നിരവധി ക്ലബ്ബുകള്‍ നോട്ടമിട്ട 24കാരനെ ബാഴ്സ സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതായി ബാഴ്സ യൂണിവേഴ്സല്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സുബിമെന്‍ഡി ഓഫര്‍ നിരസിച്ചുവെന്നും റയല്‍ സോസിഡില്‍ തുടരാനാണ് താരത്തിന് താത്പര്യമെന്നും സ്പാനിഷ് ഔട്ലെറ്റായ സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റയല്‍ സോസിഡാഡില്‍ 2027 വരെയാണ് സുബിമെന്‍ഡിക്ക് കരാര്‍ ഉള്ളത്. വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ സുബിമെന്‍ഡി ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ അസ്ഥാനത്താക്കി താരം തന്നെ രംഗത്തെത്തുകയായിരുന്നു.

‘പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണ്. ഞാനെന്റെ കോച്ചിനോട് പറഞ്ഞിട്ടുണ്ട്, എനിക്കൊന്നും കേള്‍ക്കണ്ടായെന്നും ഞാനിവിടെ തന്നെ തുടരുമെന്നും. റയല്‍ സോസിഡ് വിടുകയെന്നത് എന്നെ സംബന്ധിച്ച് യുക്തിക്ക് നിരക്കാത്ത കാര്യമാണ്. ഞാന്‍ ഇവിടെ ഒത്തിരി സന്തോഷവാനാണ്,’ സുബിമെന്‍ഡി സ്പോര്‍ട്ടിനോട് പറഞ്ഞു.

അതേസമയം, സുബിമെന്‍ഡിക്ക് പുറമെ, മൊറോക്കയുടെ മിഡ്ഫീല്‍ഡ് താരം സോഫിയാന്‍ അംറബാതിനെയും സാവി നോട്ടമിട്ടിട്ടുണ്ട്. വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ലെന്നും ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റയല്‍ ബെറ്റിസ് താരം ഗുയിഡോ റോഡ്രിഗസ് ആണ് സാവി ഷോര്‍ട്‌ലിസ്റ്റ് ചെയ്ത ബുസ്‌ക്വെറ്റ്‌സിന്റെ പകരക്കാരില്‍ മറ്റൊരാള്‍. അര്‍ജന്റൈന്‍ താരത്തിന്റെ ലാ ലിഗയിലെയും അന്താരാഷ്ട്ര മത്സരങ്ങളിലെയും പെര്‍ഫോമന്‍സില്‍ ആകൃഷ്ടനായാണ് താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ബാഴ്‌സ പദ്ധതിയിട്ടത്. ബുസ്‌ക്വെറ്റ്‌സിന്റെ ബൂട്ടില്‍ ശക്തനായ കളിക്കാരനാകാന്‍ റോഡ്രിഗസിന് സാധിക്കുമെന്നാണ് സാവിയുടെ വിശ്വാസം.

Content Highlights: Xavi Hernandez wants Martin Zubimendi to join with Barcelona

We use cookies to give you the best possible experience. Learn more