ലയണല്‍ മെസിയുമായി ചര്‍ച്ച നടത്താന്‍ പോവുകയാണെന്ന് ബാഴ്‌സലോണ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്. ബാഴ്‌സയുടെ ആശയങ്ങളുമായി യോജിച്ചുപോകുന്ന താരമാണ് മെസിയെന്നും അതിനെക്കുറിച്ച് പ്രസിഡന്റ് ലപോര്‍ട്ടയോട് താന്‍ സംസാരിച്ചിരുന്നുവെന്നും സാവി പറഞ്ഞു. സ്‌പോര്‍ട്‌സ് മാധ്യമമായ സ്‌പോര്‍ട്ടിനോടാണ് സാവി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘മെസിയുടെ തിരിച്ചുവരവ് ഗുണം ചെയ്യുമെന്ന് ഞാന്‍ ബാഴ്‌സലോണ പ്രസിഡന്റിനോട് പറഞ്ഞിരുന്നു. അദ്ദേഹം ഞങ്ങളുടെ സിസ്റ്റത്തിനും ആശയങ്ങള്‍ക്കും എന്തുകൊണ്ടും യോജിച്ചയാളാണെന്നതില്‍ ഒരു സംശയവുമില്ല. മെസിയെ ഉപയോഗപ്പെടുത്തി എന്തൊക്കെ തന്ത്രങ്ങള്‍ മെനയണമെന്നത് എന്റെ മനസിലുണ്ട്. തീരുമാനിക്കേണ്ടത് ലിയോ ആണ്. ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ പോവുകയാണ്,’ സാവി പറഞ്ഞു.
അതേസമയം, വരുന്ന ശനിയാഴ്ചയാണ് പി.എസ്.ജി ജേഴ്‌സിയില്‍ മെസി അവസാനമായി കളത്തിലിറങ്ങുക. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റാകുന്ന താരം തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
ബാഴ്‌സലോണക്ക് പുറമെ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമി, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ എന്നിവരാണ് മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ളത്. 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ നീട്ടിയിരിക്കുന്നത്. ഇതിനിടെ മെസി അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും താരത്തിന്റെ പിതാവ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നാണ് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ദരിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: Xavi Hernandez wants Lionel Messi return to Barcelona