| Tuesday, 1st November 2022, 10:58 am

കിരീടമെത്തും, ഒരു കൊല്ലം കൂടിയൊന്ന് കഴിഞ്ഞോട്ടെ; 2023ല്‍ ബാഴ്‌സലോണ കിരീടം നേടുമെന്ന ഉറപ്പുമായി സാവി

സ്പോര്‍ട്സ് ഡെസ്‌ക്

ലാ ലീഗ ജയന്റ്‌സായ ബാഴ്‌സലോണക്ക് ഇപ്പോള്‍ ഇത് നല്ല കാലമല്ല. സൂപ്പര്‍ താരങ്ങളെയടക്കം ടീമിലെത്തിച്ചിട്ടും യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ നോക്ക് ഔട്ട് പോലും കാണാതെ പുറത്താകാനായിരുന്നു കറ്റാലന്‍ പടയുടെ വിധി.

ടീമിന്റെ മോശം പ്രകടനത്തില്‍ ആരാധകരും തൃപ്തരല്ല. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയടക്കമുള്ള ബിഗ് സൈനിങ്ങുകളെ ടീമിലെത്തിച്ചിട്ടും വമ്പന്‍ കിരീടങ്ങളുടെ കാര്യത്തില്‍ ബാഴ്‌സ ഇപ്പോഴും ഉത്തരം കിട്ടാതെ നില്‍ക്കുകയാണ്.

എന്നാല്‍ ആരാധകരോട് ക്ഷമയോടെ കാത്തിരിക്കാനും ടീം പുരോഗതി പ്രാപിക്കുകയാണെന്നുമാണ് ബാഴ്‌സ കോച്ച് സാവി ഹെര്‍ണാണ്ടസ് പറയുന്നത്. വലിയ നേട്ടങ്ങളിലേക്ക് ബാഴ്‌സ പതിയെ കുതിക്കുകയാണെന്നും കാത്തിരിക്കാനുമാണ് സാവി പറയുന്നത്.

‘കഴിഞ്ഞ വര്‍ഷം നമ്മള്‍ അത്രക്ക് മികച്ച ടീമായിരുന്നില്ല. എന്നാല്‍ ഇത്തവണ ബാഴ്‌സ ഒരു മികച്ച യൂണിറ്റാണെന്നുള്ള തോന്നല്‍ വ്യക്തമായി ഞങ്ങള്‍ക്കുണ്ട്,’ സാവി പറഞ്ഞു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിക്ടോറിയ പ്ലസാനിയയുമായുള്ള ഡെഡ് റബ്ബര്‍ മാച്ചിന് മുമ്പായി മാധ്യമ പ്രവര്‍ത്തകരെ കാണവെയാണ് സാവി ഇക്കാര്യം പറഞ്ഞത്.

‘എല്ലാം ഒരു പ്രോസസ് ആണ്. ചാമ്പ്യന്‍സ് ലീഗില്‍ ഞങ്ങളുടെ ലക്ഷ്യം നേടാന്‍ ഞങ്ങള്‍ക്ക് സാധിക്കാതെ പോയി. ഇനി മുതല്‍ 2023ലെ ട്രോഫികള്‍ ലക്ഷ്യമിട്ടാണ് ഞങ്ങള്‍ കളിക്കുന്നത്. എനിക്കുറപ്പാണ് ഞങ്ങള്‍ അത് നേടും.

ക്ലബ്ബിന്റെ മോശം സമയങ്ങളില്‍ ഞാന്‍ ബാഴ്‌സയില്‍ ഉണ്ടായിരുന്നു. അവിടെ നിന്നും വിജയത്തിലൂടെ മുന്നോട്ട് കുതിച്ച ബാഴ്‌സയുടെ മികച്ച സമയത്തും ഞാന്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. സമയമെടുക്കുന്ന വലിയൊരു പ്രക്രിയയാണത്.

ചാമ്പ്യന്‍സ് ലീഗില്‍ ഞങ്ങളുടെ കാല്‍വെപ്പുകള്‍ പ്രതീക്ഷിച്ചതിനേക്കാളും വളരെ ചെറുതായിരുന്നു. ഞങ്ങള്‍ മികച്ച റിസള്‍ട്ടുകള്‍ അര്‍ഹിക്കുന്നവരാണെങ്കിലും അതിന് വേണ്ടിയുള്ള മികച്ച പ്രകടനമൊന്നും തന്നെ കാഴ്ചവെക്കാന്‍ ഞങ്ങള്‍ക്കായിട്ടില്ല.

ഒരുപാട് അവസരങ്ങള്‍ ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നു, എന്നാല്‍ പല പ്രതികൂല സാഹചര്യങ്ങളും കൊണ്ട് അത് കൈവിട്ടുപോവുകയായിരുന്നു.

ലാ ലീഗയില്‍ ഞങ്ങള്‍ ഏറെ മുന്നിലാണ്. കിരീടം നേടാനുള്ള എല്ലാ സാധ്യതയും ഞങ്ങള്‍ക്ക് മുമ്പിലുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ ഞങ്ങളുടെ ലക്ഷ്യം നിറവേറ്റാന്‍ സാധിച്ചിരുന്നില്ലെങ്കിലും ഞങ്ങള്‍ മുന്നോട്ട് തന്നെയാണ് കുതിക്കുന്നത് എന്ന ഉറപ്പ് ഞങ്ങള്‍ക്കുണ്ട്,’ സാവി പറയുന്നു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിക്ടോറിയ പ്ലസാനിയയക്കെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. ഇതിനോടകം തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ബാഴ്‌സക്ക് കോണ്‍ഫിഡന്‍സ് ബൂസ്റ്റ് ചെയ്യാന്‍ ഈ മത്സരത്തിലെ വിജയം അനിവാര്യമാണ്.

Content highlight: Xavi Hernandez says Barcelona will win trophies in 2023

We use cookies to give you the best possible experience. Learn more