കഴിഞ്ഞ ദിവസം എല്‍ ക്ലാസിക്കോയില്‍ നടന്ന മത്സരത്തില്‍ റയലിനെ തോല്‍പിച്ച് ബാഴ്‌സലോണ വിജയിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ ജയം. മത്സരത്തിന്റെ ഒമ്പതാം മിനിട്ടില്‍ റൊണാള്‍ഡ് അരൗഹോയുടെ ഗോളിലൂടെ റയല്‍ മാഡ്രിഡ് ലീഡ് നേടുകയായിരുന്നു.
എന്നാല്‍ 45ാം മിനിട്ടില്‍ സെര്‍ജി റോബേര്‍ട്ടേയുടെ ഗോളിലൂടെ ബാഴ്‌സലോണ സമനില പിടിച്ചു. ഇഞ്ച്വറി ടൈമില്‍ ഫ്രാങ്ക് കെസിയുടെ ഗോള്‍ ആണ് ബാഴ്‌സയെ ജയത്തിലേക്ക് നയിച്ചത്.
മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു റോബേര്‍ട്ടോ കാഴ്ചവെച്ചത്. താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ബാഴ്‌സലോണ കോച്ച് സാവി ഹെര്‍ണാണ്ടസ്.
പരിക്കിനെ തുടര്‍ന്ന് പെഡ്രി കളിയില്‍ നിന്ന് പുറത്തായിരുന്നതിനാല്‍ താരത്തിന് പകരക്കാരനായാണ് റോബേര്‍ട്ടോ കളത്തിലിറങ്ങിയത്. റോബേര്‍ട്ടോയുടെ കാര്യത്തില്‍ താന്‍ അതീവ സന്തോഷവാനാണെന്നും മികച്ച പ്രകടനമാണ് താരം മത്സരത്തില്‍ കാഴ്ചവെച്ചതെന്നും സാവി പറഞ്ഞു. മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘എനിക്കറിയില്ല അവനെ പറ്റി കൂടുതല്‍ എന്താണ് പറയേണ്ടതെന്ന്. റോബേര്‍ട്ടോ മറ്റേതെങ്കിലും ക്ലബ്ബിലായിരുന്നെങ്കില്‍ അദ്ദേഹത്തെ കൂടുതല്‍ മൂല്യമുള്ള താരമായി കാണുമായിരുന്നു. ബാഴസയിലായിരുന്നതിനാല്‍ വിമര്‍ശിക്കാനാണ് സാധ്യത. അത് ഈ ക്ലബ്ബിന്റെ ഭാഗ്യക്കേടാണ്. എന്നിരുന്നാലും ഇന്നത്തെ മത്സരത്തില്‍ ഞാന്‍ അതീവ സന്തോഷവാനാണ്,’ സാവി പറഞ്ഞു.
26 കളിയില്‍ നിന്ന് 68 പോയിന്റുമായി ബാഴ്‌സയാണ് ലീഗില്‍ ഒന്നാമത്. റയലുമായുള്ള പോയിന്റ് വ്യത്യാസം 12 പോയിന്റായി ഉയര്‍ത്താനും ബാഴ്സയ്ക്കായി.
Content Highlights: Xavi Hernandez praises Sergio Roberto