ലോകത്തിലെ ഏറ്റവും ബുദ്ധിശാലിയായ ഫുട്‌ബോളര്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് ആണെന്ന് ബാഴ്‌സലോണ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്. കഴിഞ്ഞ ദിവസമാണ് ബുസ്‌ക്വെറ്റ്‌സ് ബാഴ്‌സലോണയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സാവി മുമ്പൊരിക്കല്‍ സാവിയെക്കുറിച്ച് പറഞ്ഞ വാചകങ്ങള്‍ ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍.
കളത്തില്‍ അതിസമര്‍ത്ഥമായി കളിക്കാന്‍ കഴിവുള്ള താരമാണ് ബുസ്‌ക്വെറ്റ്‌സെന്നും ഫുട്‌ബോളിലെ ഏറ്റവും ബുദ്ധിശാലിയായ താരം ആരെന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ പേരുപറയുമെന്നുമാണ് സാവി പറഞ്ഞത്.
അതേസമയം, ബുസ്‌ക്വെറ്റ്സ് തന്നെയാണ് ബാഴ്‌സയില്‍ നിന്ന് വിട വാങ്ങുകയാണെന്ന വിവരം ആരാധകരെ അറിയിച്ചത്. പ്രമുഖ താരങ്ങളടക്കം നിരവധി പേരാണ് താരത്തിന് ആശംസയറിയിച്ച് രംഗത്തെത്തിയത്.
ലയണല്‍ മെസി ബാഴ്സയിലുണ്ടായിരുന്ന സമയത്ത് ക്ലബ്ബിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു ബുസ്‌ക്വെറ്റ്സ്. താരത്തിന്റെ വിടവാങ്ങല്‍ ടീം ബ്ലൂഗ്രാനയുടെ മധ്യ നിരയുടെ താളം തെറ്റിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കുന്നത്. ബുസ്‌ക്വെറ്റ്സിന് പകരക്കാരനായുള്ള അന്വേഷണത്തിലാണ് കോച്ച് സാവിയെന്നും ചില താരങ്ങളെ നോട്ടമിട്ട് വെച്ചിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മൊറോക്കയുടെ മിഡ്ഫീല്‍ഡ് താരം സോഫിയാന്‍ അംറബാത് ആണ് പട്ടികയില്‍ ആദ്യം. വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ലെന്നും ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റയല്‍ ബെറ്റിസ് താരം ഗുയിഡോ റോഡ്രിഗസ് ആണ് സാവി ഷോര്‍ട്ലിസ്റ്റ് ചെയ്ത ബുസ്‌ക്വെറ്റ്സിന്റെ പകരക്കാരില്‍ രണ്ടാമത്തെയാള്‍. അര്‍ജന്റൈന്‍ താരത്തിന്റെ ലാ ലിഗയിലെയും അന്താരാഷ്ട്ര മത്സരങ്ങളിലെയും പെര്‍ഫോമന്‍സില്‍ ആകൃഷ്ടനായാണ് താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ബാഴ്സ പദ്ധതിയിട്ടത്. ബുസ്‌ക്വെറ്റ്സിന്റെ ബൂട്ടില്‍ ശക്തനായ കളിക്കാരനാകാന്‍ റോഡ്രിഗസിന് സാധിക്കുമെന്നാണ് സാവിയുടെ വിശ്വാസം.
Content Highlights: Xavi Hernandez praises Sergio Busquets