ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ആവേശകരമായ എല്‍ ക്ലാസിക്കോ തുടങ്ങാന്‍ ഇനി ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. ഒക്ടോബര്‍ 28ന് എസ്റ്റാഡി ഒളിമ്പിക് ലൂയിസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും മുഖാ മുഖമെത്തുമ്പോള്‍ എക്കാലത്തും മികച്ച പോരാട്ടവീര്യമുള്ള നിമിഷങ്ങള്‍ക്കാണ് ഫുട്ബോള്‍ ആരാധകര്‍ സാക്ഷ്യം വഹിച്ചത്. മറ്റൊരു എല്‍ ക്ലാസികോ കൂടി മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ ബാഴ്‌സസോലണക്ക് ഭീഷണി സൃഷ്ടിക്കാന്‍ സാദ്യതയുള്ള മൂന്ന് റയല്‍ മാഡ്രിഡ് താരങ്ങളുടെ പേര് പറയുകയാണ് പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്.
ലോസ് ബ്ലാങ്കോസിന്റെ മികച്ച ഫോര്‍വേഡ് താരങ്ങളിലൊരാളായ വിനീഷ്യസ് ജൂനിയറെ നേരിടാനൊരുങ്ങുന്നതിന്റെ മുന്‍കരുതലുകള്‍ എന്തൊക്കയാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘വിനീഷ്യസ് മാത്രമല്ല. റയല്‍ മാഡ്രിഡില്‍ മികച്ച താരങ്ങള്‍ വേറെയുമുണ്ട്. ജൂഡ് ബെല്ലിങ്ഹാം, വാല്‍വെര്‍ഡെ, റൊഡ്രിഗോ തുടങ്ങിയ താരങ്ങള്‍ കരുത്തരാണ്,’ സാവി പറഞ്ഞു.
അതേസമയം, ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഷാക്തര്‍ ഡൊനെറ്റ്‌സ്‌കിസിനെ തോല്‍പ്പിച്ചിരുന്നു. മത്സരത്തിന്റെ 28ാം മിനിട്ടില്‍ സ്പാനിഷ് താരം ഫെറാന്‍ ടോറസ് ആണ് ബാഴ്‌സക്കായി ആദ്യ ഗോള്‍ നേടിയത്. പെനാല്‍ട്ടി ബോക്സില്‍ നിന്നും താരം പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുകയായിരുന്നു.
മത്സരത്തില്‍ 36ാം മിനിട്ടില്‍ ഫെമിന്‍ ലോപസിലൂടെ ബാഴ്‌സ രണ്ടാം ഗോള്‍ നേടി. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ബാഴ്‌സ 2-0ത്തിന് മുന്നിട്ട്നിന്നു.
രണ്ടാം പകുതിയില്‍ 56ാം മിനിട്ടില്‍ ഹെറാഹിറ്റി സുടക്കോവിലൂടെ ഷാക്തര്‍ മറുപടി ഗോള്‍ നേടികൊണ്ട് സ്‌കോര്‍ 2-1 എന്ന നിലയിലാക്കി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ വിജയം കറ്റാലന്‍മാര്‍ സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ ഗ്രൂപ്പ് എച്ചില്‍ തുടര്‍ച്ചയായ മൂന്ന് മത്സരവും വിജയിച്ചുകൊണ്ട് ഒന്‍പത് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. ലാ ലിഗയില്‍ ഒക്ടോബര്‍ 28ന് റയല്‍ മാഡ്രിഡിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം.
Content Highlights: Xavi Hernandez about Real Madrid players