| Friday, 5th November 2021, 6:27 pm

ബാഴ്‌സലോണയുടെ ഹെഡ് കോച്ചായി സൂപ്പര്‍ താരം സാവി ഹെര്‍ണാണ്ടസ്; ടീമിലേക്കുള്ള തിരിച്ചുവരവ് ഖത്തര്‍ ക്ലബുമായുള്ള കരാറിനെത്തുടര്‍ന്ന്

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സലോണയുടെ ഹെഡ് കോച്ചായി ടീമിന്റെ മുന്‍ സൂപ്പര്‍താരം സാവി ഹെര്‍ണാണ്ടസ് വരുന്നു. താരത്തിന്റെ തിരിച്ചുവരവ് കാറ്റലന്‍ ക്ലബ് വൈകാതെ പ്രഖ്യാപിക്കും. 2019 മുതല്‍ ഖത്തര്‍ ക്ലബ് അല്‍-സാദിന്റെ പരിശീലകനാണ് സാവി.

സാവിയെ വിട്ടുകിട്ടുന്നതിന് തങ്ങളുമായി ബാഴ്‌സലോണ കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അല്‍-സാദ് വക്താക്കള്‍ വെള്ളിയാഴ്ച വ്യക്തമാക്കി. സാവിയുടെ ‘റിലീസ് ക്ലോസി’ന് വേണ്ട തുക ബാഴ്‌സലോണ നല്‍കിയിട്ടുണ്ടെന്നും അല്‍-സാദ് ചീഫ് എക്‌സിക്യൂട്ടീവ് ടര്‍ക്കി അല്‍-അലി പറഞ്ഞു. 5.8 മില്യണ്‍ യൂറോയാണ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

”ഭാവിയില്‍ ബാഴ്‌സലോണയുമായുള്ള സഹകരണങ്ങള്‍ക്കും ധാരണയായിട്ടുണ്ട്. അല്‍-സാദിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ടയാളാണ് സാവി. അദ്ദേഹത്തിന് ഞങ്ങള്‍ വിജയം നേരുന്നു,” അല്‍-അലി പറഞ്ഞു.

ചര്‍ച്ചകള്‍ക്കായി ബാഴ്‌സലോണ അവരുടെ വൈസ് പ്രസിഡന്റ് റാഫ യസ്‌തെയെ ബുധനാഴ്ച ദോഹയിലേയ്ക്ക് അയച്ചിരുന്നു. നേരത്തെ സാവിയെ തങ്ങളുടെ ടീമില്‍ തന്നെ നിലനിര്‍ത്തുമെന്നായിരുന്നു അല്‍-സാദിന്റെ നിലപാട്.

”തന്റെ ഹോംടൗണ്‍ ക്ലബായ ബാഴ്‌സലോണ ഇന്ന് നേരിടുന്ന പ്രതിസന്ധി കാരണം ടീമിലേക്ക് തിരിച്ച് പോവാനുള്ള ആഗ്രഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാവി അറിയിച്ചു. ഞങ്ങള്‍ അത് മനസിലാക്കി. അദ്ദേഹത്തിന്റെ വഴിയില്‍ തടസം നില്‍ക്കേണ്ട എന്ന് തീരുമാനിച്ചു,” അല്‍-അലി കൂട്ടിച്ചേര്‍ത്തു.

വലിയ കടബാധ്യതയിലാണ് ബാഴ്‌സലോണ മുന്നോട്ട് പോകുന്നതെന്ന് ക്ലബ് അധികൃതര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. മെസിയും പോയതോടെ വലിയ പ്രതിസന്ധിയിലാണ് ക്ലബ്.

ബാഴ്‌സലോണയ്ക്ക് കീഴില്‍ നാല് ചാംപ്യന്‍സ് ട്രോഫി അടക്കം നിരവധി പ്രധാന കപ്പുകള്‍ സാവി നേടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Xavi Hernandes to be the new head coach of Barcelona

We use cookies to give you the best possible experience. Learn more