അര്‍ജന്റൈന്‍ സൂപ്പര്‍ താരം മെസിയെ വീണ്ടും ബാഴ്‌സയിലേക്കെത്തിക്കാന്‍ മുഖ്യപരിശീലകന്‍ സാവി ക്ലബ്ബിനോടാവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പി.എസ്.ജിയില്‍ മെസിയുടെ കരാര്‍ കഴിയുന്നതോടെ താരത്തെ വീണ്ടും ബാഴ്‌സയിലെത്തിക്കാനാണ് സാവി ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രശസ്ത കായികമാധ്യമമായ സ്‌പോര്‍ട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബാഴ്‌സയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മെസിയെ ക്ലബ്ബില്‍ നിന്നും ഒഴിവാക്കാന്‍ കാരണമായത്. ബാഴ്‌സയില്‍ നിന്നും പോയതിന് പിന്നാലെ താരം ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയുമായി കരാറില്‍ എത്തുകയും ചെയ്തിരുന്നു.
2023 വരെയാണ് ലിയോ പി.എസ്.ജിയുമായി കരാറിലെത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് കരാര്‍ നീട്ടാന്‍ ഓപ്ഷനുണ്ടെങ്കിലും താരത്തെ ബാഴ്‌സയിലേക്ക് മടക്കിയെത്തിക്കാനാണ് സാവി ടീമിനോടാവശ്യപ്പെട്ടിരിക്കുന്നത്.
മെസി ടീമിലെത്തുന്നതോടെ ബാഴ്‌സയ്ക്ക് നേട്ടങ്ങളുണ്ടാവുമെന്നാണ് സാവി കരുതുന്നത്. ഇപ്പോള്‍ 35 വയസാണ് മെസിക്കുള്ളതെങ്കിലും ഇനിയും ചില വര്‍ഷങ്ങള്‍ കൂടി മെസിക്ക് തന്റെ പ്രൈം പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നും സാവി കരുതുന്നു.
മെസി ക്ലബ്ബ് വിട്ടതിന് ശേഷം ഉടലെടുത്ത എല്ലാ പ്രതിസന്ധികളും താരം തിരികെയെത്തുന്നതോടെ പരിഹരിക്കപ്പെടാനും ആരാധകരെ ഇത് തൃപ്തിപ്പെടുത്താനും ഈ നീക്കം സാധിക്കും.
നേരത്തെ ബാഴ്‌സയില്‍ മെസിയുടെ ദിനങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് ക്ലബ്ബ് പ്രസിഡന്റ് യോണ്‍ ലപോര്‍ട്ട പറഞ്ഞിരുന്നു.
ബാഴ്സലോണയില്‍ മെസിയുടെ ദിനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നും താരം ടീമിനൊപ്പം മടങ്ങിയെത്തുമെന്നുമായിരുന്നു ലപോര്‍ട്ട പറഞ്ഞത്.
‘ലയണല്‍ മെസിയുടെ ബാഴ്സലോണയിലെ കഥ ഇനിയും അവസാനിച്ചിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്. ആ അധ്യായം ഇപ്പോഴും തുറന്നിട്ടിരിക്കുകയാണ്.
നേരത്തെ നടന്നതിനേക്കാള്‍ മികച്ച ഒരു അവസാനം ആ കഥയ്ക്ക് ഉണ്ടാകുമെന്നുറപ്പാക്കേണ്ടത് ഒരു ക്ലബ്ബ് എന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണ്,’ ലപോര്‍ട്ട പറയുന്നു.
മെസി ക്ലബ്ബ് വിട്ടതില്‍ തനിക്ക് വളരെയധികം സങ്കടമുണ്ടെന്നും താന്‍ മെസിയോട് കടപ്പെട്ടവനാണെന്നും ലപോര്‍ട്ട പറഞ്ഞു.
‘ബാഴ്സലോണയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ അവനോട് ചെയ്യേണ്ടത് എന്താണോ അത് ചെയ്തെന്ന് ഞാന്‍ കരുതുന്നു. ബാഴ്സയുടെ പ്രസിഡന്റ് എന്ന നിലയിലും വ്യക്തിപരമായും ഞാന്‍ മെസിയോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.