ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിയുമ്പോള്‍ ലയണല്‍ മെസി തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങുമെന്നായിരുന്നു ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കരാര്‍ സംബന്ധ തടസങ്ങളെ തുടര്‍ന്ന് മെസിക്ക് ബാഴ്സയുമായി സൈനിങ് നടത്താന്‍ സാധിച്ചിരുന്നില്ല. ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് മെസി എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത്.
എന്നാല്‍ മെസി ബാഴ്സലോണയിലേക്ക് തിരിച്ചെത്താത്തിതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബാഴ്സലോണ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്. മെസി ബാഴ്സലോണയുമായി സൈനിങ് നടത്താത്തതില്‍ എല്ലാവര്‍ക്കും നിരാശയുണ്ടെന്നും എന്നാല്‍ സമാധാനപരമായ ജീവിതം ആഗ്രഹിച്ചതുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും സാവി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് സ്പോര്‍ട്സ് മാധ്യമമായ ദ മിറര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘എല്ലാവരും മെസിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. പക്ഷെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. സമ്മര്‍ദങ്ങളും ടെന്‍ഷന്‍സും കുറക്കാനാണ് മെസി ശ്രമിച്ചത്. സമാധാന പരമായ ജീവിതമാണ് അവന്‍ ആഗ്രഹിച്ചത്,’ സാവി പറഞ്ഞു.
ബാഴ്‌സലോണക്കായി ബൂട്ടുകെട്ടിയ 778 മത്സരങ്ങളില്‍ നിന്ന് 672 ഗോളും 303 അസിസ്റ്റുകളുമാണ് മെസി അക്കൗണ്ടിലാക്കിയത്. ബ്ലൂഗ്രാനക്കായി നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, 10 ലാ ലിഗ ടൈറ്റിലുകള്‍, എഴ് കോപ്പ ഡെല്‍ റേ, എട്ട് സ്പാനിഷ് സൂപ്പര്‍ കപ്പുകള്‍ എന്നിവ നേടുന്നതില്‍ മെസിക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചു. താരവുമായുള്ള കരാര്‍ പുതുക്കാന്‍ ബാഴ്‌സക്ക് സാധിക്കാതെ വന്നതോടെ 2021ലാണ് മെസി ക്യാമ്പ് നൗവിന്റെ പടിയിറങ്ങുന്നത്.
തുടര്‍ന്ന് ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ രണ്ട് സീസണുകള്‍ പൂര്‍ത്തിയാക്കിയ മെസി മേജര്‍ സോക്കര്‍ ലീഗ് കളിക്കാന്‍ അമേരിക്കയിലെത്തിയിരിക്കുകയാണ്. അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം അതീവ സന്തോഷവാനായാണ് മെസിയെ കാണപ്പെടുന്നത്. മെസിയുടെ വരവോടെ ഇന്റര്‍ മയാമിക്ക് ചരിത്രത്തിലാദ്യമായി ലീഗ്‌സ് കപ്പ് നേടാന്‍ സാധിച്ചിരുന്നു.
Content Highlights: Xavi explains the reason why Messi didn’t sign with Barcelona