ലയണല്‍ മെസിക്ക് വേണ്ടി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് ബാഴ്‌സലോണ പ്രസിഡന്റ് സാവി ഹെര്‍ണാണ്ടസ്. ബാഴ്‌സലോണ എഫ്.സി മെസിയെ സ്വാഗതം ചെയ്യാനിരിക്കുകയാണെന്ന് അദ്ദേഹത്തിനറിയാമെന്നും ഏത് ക്ലബ്ബിലേക്ക് പോകണമെന്ന് മെസി തീരുമാനിക്കട്ടേയെന്നും സാവി പറഞ്ഞു. മുണ്ടോ ഡീപോര്‍ട്ടീവയോട് സംസാരിക്കുമ്പോഴാണ് സാവി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘മെസി വരുന്ന ആഴ്ച്ച അവന്റെ ഭാവി ക്ലബ്ബിനെ കുറിച്ച് തീരുമാനിക്കും. ഞങ്ങളവനെ സ്വാഗതം ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണെന്ന് അവന് നന്നായിട്ടറിയാം. ഒന്നും മാറിയിട്ടില്ല. ഞങ്ങള്‍ക്ക് അവസരങ്ങളുണ്ട്. മെസിയെ ഞങ്ങള്‍ക്കിവിടെ വേണം. എന്തായാലും അവന്‍ തീരുമാനിക്കട്ടെ. ഞങ്ങളുടെ സിസ്റ്റത്തിനൊപ്പം അവനെ ഉള്‍പ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്,’ സാവി പറഞ്ഞു.
അതേസമയം, ലയണല്‍ മെസിയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് പുതിയ അപ്‌ഡേഷനുമായി പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോ രംഗത്തെത്തിയിരുന്നു. പി.എസ്.ജി കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയറുടെ വാക്കുകള്‍ ഉദ്ധരിച്ച് കൊണ്ട് റൊമാനോ ട്വീറ്റ് ചെയ്യുകയായിരുന്നു.
‘ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള അവസരം എനിക്കുണ്ടായി. ഈ വാരാന്ത്യത്തില്‍ പാര്‍ക് ഡെസ് പ്രിന്‍സസില്‍ ക്ലെര്‍മോണ്ടിനെതിരെ പി.എസ്.ജിയില്‍ മെസിയുടെ അവസാന മത്സരമായിരിക്കും,’ പി.എസ്.ജി കോച്ച് പറഞ്ഞതായി റൊമാനോ ട്വീറ്റ് ചെയ്തു.
ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ പി.എസ്.ജി ജേഴ്സിയില്‍ മെസി അവസാനമായി കളത്തിലിറങ്ങും. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നും മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി നേരത്തെ അറിയിച്ചിരുന്നു.