ബാഴ്സലോണ താരങ്ങളുടെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ റൂമറുകള്‍ ശക്തമാവുകയാണ്. സൂപ്പര്‍താരം ലയണല്‍ മെസി ബാഴസയിലേക്ക് തിരിച്ച് വരുന്നെന്ന അഭ്യൂഹങ്ങള്‍ക്കൊപ്പം ബാഴ്സ പല താരങ്ങളെയും പുറത്താക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ് നേരത്തെ പറഞ്ഞിരുന്ന കാര്യങ്ങള്‍ ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍.
ബാഴ്‌സലോണയില്‍ ആരെ വേണമെങ്കിലും വില്‍ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ആറ് താരങ്ങളെ ടീമില്‍ നിലനിര്‍ത്തണമെന്നുമാണ് സാവി പറഞ്ഞത്. സ്പാനിഷ് മാധ്യമമായ എല്‍ നാഷണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം റൊണാള്‍ഡോ അറൗഹോ, പെഡ്രി, ഗാവി, ജൂള്‍സ് കോണ്ടെ, റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ആന്‍ഡ്രിയാസ് ക്രിസ്റ്റെന്‍സന്‍ എന്നീ താരങ്ങളെയാണ് ബാഴ്‌സലോണയില്‍ നിലനിര്‍ത്തണമെന്ന് സാവി ആവശ്യപ്പെട്ടത്. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ് ഇവര്‍ ആറ് പേരും.
മെസി ബാഴ്‌സലോണയിലേക്ക് തിരികെയെത്തുമെന്ന അഭ്യൂഹങ്ങളോടും സാവി നേരത്തെ പ്രതികരിച്ചിരുന്നു. ബാഴ്‌സലോണ എഫ്.സി മെസിയുടെ വീടാണെന്നും എല്ലായിപ്പോഴും ബാഴ്‌സയുടെ വാതിലുകള്‍ മെസിക്കായി തുറന്നുകിടക്കുമെന്നും സാവി പറഞ്ഞു.
മെസി തന്റെ സുഹൃത്താണെന്നും തങ്ങള്‍ പരസ്പരം വിളിച്ച് സംസാരിക്കാറുണ്ടെന്നും എന്നാല്‍ ഏത് ക്ലബ്ബുമായി സൈനിങ് നടത്തണമെന്നുള്ളത് തീര്‍ത്തും അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും സാവി പറഞ്ഞു.
ലയണല്‍ മെസിക്ക് വേണ്ടി തങ്ങള്‍ കാത്തിരിക്കുകയാണെന്നും സാവി വ്യക്തമാക്കിയിരുന്നു. ബാഴ്‌സലോണ എഫ്.സി മെസിയെ സ്വാഗതം ചെയ്യാനിരിക്കുകയാണെന്ന് അദ്ദേഹത്തിനറിയാമെന്നും ഏത് ക്ലബ്ബിലേക്ക് പോകണമെന്ന് മെസി തീരുമാനിക്കട്ടേയെന്നും സാവി പറഞ്ഞു. മുണ്ടോ ഡീപോര്‍ട്ടീവയോട് സംസാരിക്കുമ്പോഴാണ് സാവി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘മെസി വരുന്ന ആഴ്ച്ച അവന്റെ ഭാവി ക്ലബ്ബിനെ കുറിച്ച് തീരുമാനിക്കും. ഞങ്ങളവനെ സ്വാഗതം ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണെന്ന് അവന് നന്നായിട്ടറിയാം. ഒന്നും മാറിയിട്ടില്ല. ഞങ്ങള്‍ക്ക് അവസരങ്ങളുണ്ട്. മെസിയെ ഞങ്ങള്‍ക്കിവിടെ വേണം. എന്തായാലും അവന്‍ തീരുമാനിക്കട്ടെ. ഞങ്ങളുടെ സിസ്റ്റത്തിനൊപ്പം അവനെ ഉള്‍പ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്,’ സാവി പറഞ്ഞു.
ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജി വിട്ട് ഫ്രീ ഏജന്റാകുന്ന മെസി ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ പി.എസ്.ജി ജേഴ്സിയില്‍ അവസാനമായി കളത്തിലിറങ്ങും.
പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നും മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി നേരത്തെ അറിയിച്ചിരുന്നു.